കോഴിക്കോട് യുവ ദമ്പതികളെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം; പ്രതി പിടിയില്‍


കോഴിക്കോട്: കോഴിക്കോട്ട് നഗരത്തില്‍ യുവദമ്പതികളെ ബൈക്കിലെത്തി ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പ്രതിയെ പരാതിക്കാരന്‍ തിരിച്ചറിഞ്ഞു. കേസില്‍ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മുഹമ്മദ് അജ്മലാണ് മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും പരാതിക്കാരനായ അശ്വിന്‍ വ്യക്തമാക്കി.

ഞായറാഴ്ച രാത്രി സിനിമ കണ്ടതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കുമാണ് ദുരനുഭവമുണ്ടായത്. ക്രിസ്ത്യന്‍ കോളേജ് ട്രാഫിക് ജങ്ഷനില്‍വച്ച് രണ്ട് ബൈക്കുകളിലായി പിന്തുടര്‍ന്നെത്തിയ അഞ്ചംഗ സംഘം ഭാര്യയെ അസഭ്യം പറയുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് അശ്വിന്‍ പറയുന്നു.

തൊട്ടു പിന്നാലെ ദമ്പതികള്‍ പരാതിയുമായി സിറ്റി ട്രാഫിക് പൊലീസിനെയും, നടക്കാവ് പൊലീസിനെയും ഇവര്‍ സമീപിച്ചു. അതിക്രമം നടത്തിയവര്‍ വന്ന വാഹനത്തിന്റെ നമ്പര്‍ സഹിതം രേഖാമൂലം പരാതി നല്‍കി. പക്ഷെ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്ന് അശ്വിന്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ അശ്വിന്റെയും ഭാര്യയുടെയും മൊഴി മെഡിക്കല്‍ കോളേജിലെത്തി പൊലീസ് രേഖപ്പെടുത്തി. നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.