മദ്യപിച്ച് വാഹനമോടിച്ച് സ്‌കൂട്ടര്‍ യാത്രികരെ ഇടിച്ചിട്ട് യുവതി; നടുറോഡില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം; ചോദ്യം ചെയ്തയാളുടെ മൊബൈല്‍ എറിഞ്ഞുടച്ചു (വീഡിയോ കാണാം)


മാഹി: മദ്യലഹരിയില്‍ കാറോടിച്ച് ദമ്പതികളുടെ സ്‌കൂട്ടറിലിടിച്ച് യുവതി. ചോദ്യം ചെയ്ത നാട്ടുകാര്‍ക്ക് മുന്നില്‍ യുവതിയുടെ പരാക്രമം. പന്തക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പന്തോക്കാവിന് സമീപത്താണ് സംഭവം. മൂഴിക്കല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലാണ് യുവതി കാറിടിച്ചത്.

വടക്കുമ്പാട് കൂളിബസാറിലെ റസീനയാണ് (29) മദ്യപിച്ച് വാഹനമോടിച്ച് ബഹളമുണ്ടാക്കിയത്. കാറിടിച്ച്
നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞ് ദമ്പതികള്‍ക്കും കുട്ടിക്കും പരിക്കേറ്റു.

അപകടം നടന്നയുടനെ പരിസരവാസികള്‍ കൂട്ടമായി എത്തിയതോടെ യുവതി കാറില്‍ നിന്നിറങ്ങി അക്രമാസക്തമാകുകയായിരുന്നു. അപകടകാരണം ആരാഞ്ഞ ബൈക്ക് യാത്രക്കാരനായ പാനൂര്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ യുവതി എറിഞ്ഞുടച്ചു. പരിസരത്ത് ഓടി വന്ന മറ്റു ചിലരേയും യുവതി കയ്യേറ്റം ചെയ്തു.

പന്തക്കല്‍ പോലീസില്‍ വിവരമറിയിച്ചതോടെ എസ്.ഐ.പി.പി. ജയരാജന്‍, എ.എസ്.ഐ.എ.വി.മനോജ് കുമാര്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ യുവതി മദ്യപിച്ചതായി പന്തക്കല്‍ പോലീസ് പറഞ്ഞു.

യുവതി ഓടിച്ചു വന്ന ബലേറൊ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച വൈകുന്നേരം 5.30 നായിരുന്നു സംഭവം. യുവതിയുടെ പേരില്‍ പന്തക്കല്‍ പോലീസ് കേസ് റജിസ്ട്രര്‍ ചെയ്തു.

വീഡിയോ കാണാം: