ചിത്ര പോലെ കൃഷ്ണ തിയേറ്ററും മാഞ്ഞുപോകുന്നു; ക്ലാസ് കട്ട് ചെയ്തും, കുടുംബസമേതവും കണ്ട സിനിമാ ഓര്‍മ്മകള്‍ കൊയിലാണ്ടിയുടെ മനസില്‍ അവശേഷിപ്പിച്ച്


ഫോട്ടോ: ജോണി എംപീസ്

കൊയിലാണ്ടി:
നാല് തിയേറ്ററുകളുണ്ടായിരുന്ന കൊയിലാണ്ടിയില്‍ കൃഷ്ണ തിയേറ്റര്‍ കൂടി പൊളിച്ചുമാറ്റപ്പെടുന്നതോടെ പേരിന് രണ്ട് തിയേറ്ററുകള്‍ മാത്രം ബാക്കിയാകും. അമ്പാടി, ദ്വാരക, കൃഷ്ണ, ചിത്ര എന്നീ തിയേറ്ററുകളായിരുന്നു ഏറെക്കാലം കൊയിലാണ്ടിക്കാര്‍ സിനിമ കാണാന്‍ ആശ്രയിച്ചിരുന്നത്. ഇതില്‍ ചിത്ര തിയേറ്റര്‍ നേരത്തെ പൊളിച്ചുമാറ്റിയിരുന്നു. ഇന്ന് മുതല്‍ കൃഷ്ണ തിയേറ്ററും പൊളിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ്.

ദ്വാരക, അമ്പാടി തിയേറ്ററുകള്‍ മാത്രമാണ് കൊയിലാണ്ടിക്കാര്‍ സിനിമ കണ്ടതിന്റെ ബാക്കിപത്രം എന്നോണം അവശേഷിക്കുന്നത്. ഇവയിലാകട്ടെ സ്ഥിരമായി സിനിമകള്‍ പ്രദര്‍ശിപ്പിക്കാറില്ല. കളക്ഷന്‍ കിട്ടാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്ന സിനിമകള്‍ മാത്രമാണ് നിലവില്‍ ഈ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാറുള്ളത്. അല്ലാത്ത സമയത്ത് തിയേറ്ററുകള്‍ അടച്ചിടുകയാണ് ചെയ്യുന്നത്.

കാലത്തിനൊപ്പം മാറാന്‍ കഴിയാതെ പോയതാണ് കൊയിലാണ്ടിയിലെ തിയേറ്ററുകളെ പ്രതിസന്ധിയിലാക്കിയത്. കോഴിക്കോടും ബാലുശ്ശേരിയിലും വടകരയിലുമെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ള തിയേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും കൊയിലാണ്ടിയില്‍ പ്രവര്‍ത്തിച്ച ഒരു തിയേറ്ററും ഈ മാറ്റങ്ങള്‍ക്കൊപ്പം പോയില്ല. അത്യാധുനിക സംവിധാനങ്ങളുള്ള തിയേറ്ററുകളില്‍ സിനിമ കണ്ട് ശീലിച്ച യുവതലമുറയ്ക്ക് കൊയിലാണ്ടിയിലെ തിയേറ്ററുകളിലെ സിനിമാ അനുഭവം ആസ്വാദകരമായില്ല.

തൊണ്ണൂറുകളിലെ യുവത്വം സിനിമ ആസ്വാദിച്ചതിന്റെ ഗൃഹാതുരത്വ കഥകള്‍ ഒരുപാട് പറയാനുണ്ടാവും കൃഷ്ണ അടക്കമുള്ള തിയേറ്ററുകള്‍ക്ക്. കോളേജില്‍ നിന്നും സ്‌കൂളില്‍ നിന്നും ക്ലാസ് കട്ട് ചെയ്തും കുടുംബസമേതവുമെത്തി കൃഷ്ണ തിയേറ്ററിലിരുന്ന് സിനിമ കണ്ട ഒരുപാട് അനുഭവങ്ങള്‍ മാത്രം ബാക്കിവെച്ചാണ് കൃഷ്ണ തിയേറ്ററും മാഞ്ഞുപോകുന്നത്.