കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോഴിക്കോട് കോസ്റ്റല്‍ സി.ഐ മുമ്പും പീഡനക്കേസില്‍ അറസ്റ്റിലായി; ബിരുദധാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത് തൃശൂരില്‍ എസ്.ഐ ആയിരിക്കെ


കൊച്ചി: കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു നേരത്തെയും ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായയാള്‍. തൃശൂരില്‍ എസ്.ഐ.ആയിരുന്നപ്പോള്‍ എന്‍ജിനിയറിംഗ് ബിരുദധാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.

തൃക്കാക്കരയില്‍ താമസിക്കുന്ന യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് തൃക്കാക്കര പൊലീസ് സി.ഐയെ അറസ്റ്റു ചെയ്തത്. തൃക്കാക്കരയും കടവന്ത്രയും അടക്കം വിവിധ സ്ഥലങ്ങളില്‍വച്ചാണ് പീഡനം നടന്നതെന്ന് പരാതിക്കാരി ആരോപിക്കുന്നു.

തൊഴില്‍ തട്ടിപ്പ് കേസില്‍ യുവതിയുടെ ഭര്‍ത്താവ് ജയിലിലാണ്. ഭര്‍ത്താവിന്റെ സുഹൃത്ത് അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. കേസിലെ മൂന്നാം പ്രതിയാണ് സുനു. കഴിഞ്ഞ മേയ് മാസം തൊട്ട് ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്തെന്നാണ് ഇന്നലെ യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

പരാതിപ്പെട്ടാല്‍ ജീവന് വരെ ഭീഷണിയുണ്ടായേക്കാമെന്നുള്ളതുകൊണ്ടും ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെതിരെ കൂടുതല്‍ നടപടിയുണ്ടായേക്കാമെന്നും ഭയന്നാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി വ്യക്തമാക്കി. തൃക്കാക്കരയിലാണ് പരാതിക്കാരി താമസിക്കുന്നത്. ഇവരുടെ വീട്ടില്‍വച്ചും പലയിടത്ത് കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.