സൗദി അറേബ്യയില്‍ വാഹനാപകടം: കോഴിക്കോട് ചെറുവാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചെറുവാടി സ്വദേശിയായ ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ചെറുവാടി അക്കരപ്പറമ്പ് ആലിക്കുട്ടിയുടെയും ആയിശുമ്മയുടെയും മകനാണ്.

ഖാലിദ്ദിയ ജംഇയ്യത്തുല്‍ മനാസിലില്‍ ആണ് ഹാരിസ് ജോലി ചെയ്യുന്നത്. ഹാരിസും കൂടെ ജോലി ചെയ്യുന്ന രണ്ടുപേരും റിജാല്‍ അല്‍മയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.

യാത്രക്കിടയില്‍ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന ആക്കോട് സ്വദേശി ഫജര്‍, മുക്കം സ്വദേശി മുജീബ് എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂന്ന് പേരും ഒരേ കമ്പനി ജീവനക്കാരാണ്.

ഫജറിനെ തുടര്‍ ചികിത്സക്കായി അബഹയിലെ അസീര്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. മുജീബ് ഇന്ന് ഹോസ്പിറ്റല്‍ വിടും. സഹബൈന്‍ റിജാല്‍ അല്‍മ ഹോസ്പിറ്റലിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

പ്രവാസം അവസാനാപ്പിച്ച് നാട്ടില്‍ പോയിരുന്ന ഹാരിസ് ആറ് മാസം മുമ്പാണ് പുതിയ വിസയില്‍ സൗദിയിലെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീന്‍, ശംസുദ്ദീന്‍, നിസാര്‍ അഹമ്മദ് എന്നിവര്‍ സൗദിയിലെ അസീറിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരന്‍ ഖാദര്‍ സഊദിയിലെ ദമാമില്‍ നിന്ന് എത്തിയിട്ടുണ്ട്. ഭാര്യ: ഫസീഹ. മക്കള്‍: മുഹമ്മദ് സയ്യാന്‍ (5), ആയിശ നഹറ (2).