ഇന്ത്യ ചന്ദ്രനെ തൊടുമ്പോള്‍ കൊയിലാണ്ടിക്കും ഇത് അഭിമാന നിമിഷം; ചന്ദ്രയാന്‍-3 ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ചത് കൊയിലാണ്ടി സ്വദേശിയായ യുവശാസ്ത്രജ്ഞന്‍ അബി എസ്. ദാസ്, വമ്പിച്ച സ്വീകരണം നല്‍കാനൊരുങ്ങി നാട്


സ്വന്തം ലേഖകൻ

കൊയിലാണ്ടി: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസമാണ് ഇന്ന്. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-3 ന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്തത് 140 കോടി ഇന്ത്യക്കാരും രോമാഞ്ചത്തോടെയാണ് കണ്ടത്. ഇന്ത്യ ചന്ദ്രനില്‍ മുത്തമിടുമ്പോള്‍ നമ്മുടെ നാടായ കൊയിലാണ്ടിക്കും അഭിമാനിക്കാന്‍ വലിയൊരു കാര്യമുണ്ട്.

ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന പങ്ക് വഹിച്ച ശാസ്ത്രജ്ഞരില്‍ ഒരാളാണ് കൊയിലാണ്ടി സ്വദേശി അബി എസ്. ദാസ്. ഐ.എസ്.ആര്‍.ഒയിലെ യുവശാസ്ത്രജ്ഞനായ അബി അക്ഷരാര്‍ത്ഥത്തില്‍ കൊയിലാണ്ടിയുടെ കയ്യൊപ്പാണ് ചന്ദ്രയാന്‍-3 ദൗത്യത്തില്‍ ചാര്‍ത്തിയത്.

അബി എസ്. ദാസ്


ജൂലൈ 14 ന് ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍-3 നെയും കൊണ്ട് കുതിച്ചുയര്‍ന്ന എല്‍.വി.എം 3 റോക്കറ്റിലെ ക്രയോജനിക്ക് സ്റ്റേജിന്റെ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലും ടെസ്റ്റിങ്ങിലും നേരിട്ട് പങ്കെടുത്തയാളാണ് അബി. എല്‍.വി.എം 3 ലെ ഏറ്റവും പ്രധാനപ്പെട്ടതും അതിസങ്കീര്‍ണ്ണവുമായ ഒന്നാണ് ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും ഇന്ധനങ്ങളായിട്ടുള്ള ക്രയോജനിക് സ്റ്റേജ്.


Also Read: ചാന്ദ്രയാന്‍ 3ല്‍ കയ്യൊപ്പ് ചാര്‍ത്തിയവരില്‍ കൊയിലാണ്ടി സ്വദേശിയായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനും; നാടിന് അഭിമാനമായി അബി.എസ്.ദാസ്


ഇന്ത്യയുടെ അഭിമാന ദൗത്യത്തിന്റെ ഭാഗമായി കൊയിലാണ്ടിയുടെ യശസ്സുയര്‍ത്തിയ അബി എസ്. ദാസിന് ജന്മനാട് സ്വീകരണമൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒമ്പതിന് വൈകീട്ട് നാല് മണിക്കാണ് സ്വീകരണം. ഇതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. 101 അംഗ സ്വാഗത സംഘത്തിന്റെ ചെയര്‍മാന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യനാണ്. പി.വി.സത്യനാഥനാണ് കണ്‍വീനര്‍. കെ.പത്മനാഭന്‍ ട്രഷറര്‍.

അമൃത സ്‌കൂളിന് സമീപമാണ് അഭി എസ് ദാസിന് സ്വീകരണമൊരുക്കുന്നത്. മുത്തുക്കുടയുടെയും പഞ്ചവാദ്യങ്ങളുടെയും ബാന്റ് സംഘങ്ങളുടെയും അകമ്പടിയോടെ വന്‍ ഘോഷയാത്രയോടെ തുറന്ന വാഹനത്തിലായിരിക്കും അബി എസ്. ദാസിനെ വേദിയിലേക്ക് ആനയിക്കുക. തുടര്‍ന്ന് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കുന്ന സ്വീകരണ പരിപാടിക്കുശേഷം വേദിയില്‍ കലാപരിപാടികളും അരങ്ങേറും.

കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂള്‍, കൊയിലാണ്ടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, വടകര സംസ്‌കൃത ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. കോഴിക്കോട് എന്‍.ഐ.ടിയില്‍ നിന്നാണ് എഞ്ചിനിയറിങ് ബിരുദം നേടിയത്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷമാണ് അബിന്‍ ഐ.എസ്.ആര്‍.ഒയില്‍ ചേരുന്നത്.

കൊയിലാണ്ടി കെളോത്ത് പൗര്‍ണമിയില്‍ ശിവദാസന്റെയും ലക്ഷമിയുടെയും മകനാണ് അബി. ബബിത ഭാര്യയാണ്. ഒരു മകനുണ്ട്.


Related News: ചന്ദ്രനെ ചുംബിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ; ചാന്ദ്രയാന്‍-3 ലെ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങി (വീഡിയോ കാണാം)