‘ഹെല്‍മറ്റ് ഊരിയപ്പോള്‍ കണ്ടത് തലയില്‍ കടിച്ച് തൂങ്ങിക്കിടക്കുന്ന വെള്ളിക്കെട്ടനെ, പ്രചരിച്ച വാര്‍ത്തകളിലെ പല കാര്യങ്ങളും തെറ്റാണ്’; ബൈക്ക് ഓടിക്കുന്നതിനിടെ പാമ്പ് കടിയേറ്റ രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്


സ്വന്തം ലേഖകൻ

കൊയിലാണ്ടി: ചന്ദ്രയാന്‍-3 ദൗത്യം കഴിഞ്ഞാല്‍ ഇന്ന് കേരളത്തിലെ മിക്ക ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളിലെയും വാര്‍ത്താ കേന്ദ്രം ഒരു കൊയിലാണ്ടിക്കാരനായിരുന്നു. ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പ് കടിയേല്‍ക്കുകയും തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങി വന്ന നടുവത്തൂര്‍ സ്വദേശി രാഹുലായിരുന്നു അത്. എല്ലാവരും ഞെട്ടലോടെയാണ് ആ വാര്‍ത്ത വായിച്ചത്.

ബൈക്ക് ഓടിക്കുമ്പോള്‍ പാമ്പുകടിയേറ്റെന്ന സംഭവം ശരിയാണെങ്കിലും ഇന്ന് പകല്‍ പ്രചരിച്ച വാര്‍ത്തയിലെ പലകാര്യങ്ങളും തെറ്റാണെന്ന് രാഹുല്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒപ്പം തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ചും അതിന് ശേഷമുള്ള അനുഭവങ്ങളുമെല്ലാം അദ്ദേഹം കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ വായനക്കാരോട് പങ്കുവയ്ക്കുകയാണ്.

കഴിഞ്ഞ ശനിയാഴ്ച, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 19 നാണ് രാഹുലിന്റെ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത ആ അപകടം നടന്നത്. വൈകീട്ട് മൂന്ന് മണിയോടെ വീട്ടില്‍ നിന്ന് കൊയിലാണ്ടിയിലെ ഓഫീസിലേക്ക് പോകാനിറങ്ങിയതായിരുന്നു രാഹുല്‍.

ബാക്കി കാര്യങ്ങള്‍ രാഹുലിന്റെ വാക്കുകളിലൂടെ…

‘വാര്‍ത്തകളില്‍ കണ്ടത് പോലെ അഞ്ച് കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച ശേഷമല്ല, 500 മീറ്റര്‍ എത്തുമ്പോഴേക്ക് തന്നെ പാമ്പ് കടിച്ചിരുന്നു. ഒരാള്‍ക്കും പാമ്പുമായി അഞ്ച് കിലോമീറ്റര്‍ ദൂരമൊന്നും ആര്‍ക്കും അങ്ങനെ പോകാന്‍ കഴിയില്ല. അത് പോലെ ഞാന്‍ അടിയന്തിരമായി ഓഫീസിലേക്ക് പോവുകയൊന്നുമായിരുന്നില്ല. സാധാരണ പോലെ കൂളായി തന്നെയാണ് ഓഫീസിലേക്ക് പോയത്. ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് വാര്‍ത്തകളില്‍ വന്ന കാര്യങ്ങളും തെറ്റാണ്.’

‘ഹെല്‍മറ്റിനുള്ളില്‍ കാണാന്‍ കഴിയുന്ന വിധത്തിലായിരുന്നില്ല പാമ്പ്. ഹെല്‍മറ്റിന്റെ ഉള്ളിലും ഷൂവിന്റെ ഉള്ളിലുമെല്ലാം നോക്കിയിട്ടാണ് ഞാന്‍ അതെല്ലാം ഇടാറ്. പക്ഷേ പാമ്പ് ഹെല്‍മറ്റിലെ സ്‌പോഞ്ചിനുള്ളിലായിരുന്നതിനാൽ ഞാന്‍ കണ്ടില്ല.’

‘വീട്ടില്‍ നിന്ന് ബൈക്കുമായി ഇറങ്ങി അഞ്ഞൂറ് മീറ്റര്‍ എത്തുമ്പഴേക്ക് തലയില്‍ കഠിനമായ വേദന ഉണ്ടായി. അസഹ്യമായ വേദനയെ തുടര്‍ന്ന് ഞാന്‍ വണ്ടി റോഡരികില്‍ നിര്‍ത്തി ഹെല്‍മറ്റ് ഊരി. ഹെല്‍മറ്റ് ഊരിയപ്പോള്‍ തലയില്‍ കടിച്ച് പിടിച്ച് തൂങ്ങിക്കിടക്കുന്ന പാമ്പിനെയാണ് ഞാന്‍ കാണുന്നത്. കണ്ടപ്പൊ ഞെട്ടിപ്പോയി. ഉടനെ അതിനെ തട്ടിത്തെറിപ്പിച്ചു കളയുകയാണ് ചെയ്തത്. പാമ്പ് കടിച്ച ഭാഗത്ത് മുഴച്ചിരുന്നു. വെള്ളിക്കെട്ടന്‍ പാമ്പായിരുന്നു അത്.’

വെള്ളിക്കെട്ടൻ പാമ്പ് (ഫയൽ ചിത്രം)


‘ഉടനെ അവിടെയുണ്ടായിരുന്ന ആളുകള്‍ ഓട്ടോറിക്ഷയില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആ സമയത്തൊക്കെ എനിക്ക് ഓര്‍മ്മയുണ്ട്. ആശുപത്രിയെത്താറായപ്പോഴാണ് മയക്കം പോലെ വന്നത്. അവിടുന്ന് മരുന്ന് തന്ന ശേഷം വേഗം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്ക് പാമ്പ് കടിയേറ്റ എന്നെ ഏകദേശം 04:10 ആകുമ്പോഴേക്ക് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു. അത്ര വേഗതയായിരുന്നു.’

‘പാമ്പ് കടിയേറ്റവര്‍ക്കായുള്ള സ്‌നേക്ക് ബൈറ്റ് ഐ.സി.യുവിലായിരുന്നു ഇത്രയും ദിവസം കിടന്നത്. ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്.’

‘സംഭവമുണ്ടായതിന്റെ തലേദിവസം നാട്ടില്‍ മഴ ഉണ്ടായിരുന്നു. തണുപ്പില്ലാത്ത സ്ഥലം നോക്കി വന്നാകും പാമ്പ് ഹെല്‍മറ്റിനുള്ളില്‍ കയറിയത്. എന്തായാലും ഇനി ഹെല്‍മറ്റ് വീടിന് പുറത്ത് വയ്ക്കുന്ന പരിപാടി ഇല്ല.’


English Summary: Koyilandy Naduvathur native Rahul who was bitten by a common krait snake talks with koyilandynews.com. He says several things in the first news are wrong and what happened actually.