” ഞാനാ ആലിന്റോട്ടില് ഉണ്ടാവും, നേരെ അങ്ങോട്ടുവന്നാൽ മതി”… നമ്മുടെ ഓർമ്മ; കൊയിലാണ്ടിയിലെ ആൽമര മുത്തശ്ശി കടപുഴകിയിട്ട് അഞ്ചാണ്ട്



ജിന്‍സി ബാലകൃഷ്ണന്‍

ന്ന് ജൂണ്‍ ഒമ്പത്, കാലവര്‍ഷം പതിയെ വരവറിയിച്ചതോടെ അതിന്റെ കുളിരില്‍ ചെറിയൊരാലസ്യത്തോടെ നില്‍ക്കുകയാണ് കൊയിലാണ്ടിയും. കൊയിലാണ്ടിക്കാരെ സംബന്ധിച്ച് ജൂണ്‍ ഒമ്പതിന് ഒരു പ്രത്യേകത കൂടിയുണ്ട്, കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട ഒന്നിനെ നഷ്ടപ്പെട്ട ദിവസം. കൊയിലാണ്ടിക്കാർക്കും ദൂരെ ദേശങ്ങളില്‍ നിന്നുപോലും ഇവിടെയെത്തുന്നവര്‍ക്കും വര്‍ഷങ്ങളോളം കുളിരേകി, തണലേകി തലയെടുപ്പോടെ നിന്നിരുന്ന കൊയിലാണ്ടിയിലെ ആല്‍മര മുത്തശ്ശി കടപുഴകി വീണതിന്റെ ഓര്‍മ്മദിവസം.

2018 ജൂണ്‍ ഒമ്പതിനായിരുന്നു അത് സംഭവിച്ചത്. ഇതുപോലെയല്ല, കാലവര്‍ഷം കനത്തു പെയ്യുകയാണ്. കൊയിലാണ്ടിയും പരിസരവും ഉണര്‍ന്നിട്ട് അധികനേരമായിക്കാണില്ല. ‘ഇനിയെനിക്ക് വയ്യ, ആര്‍ക്കും ബുദ്ധിമുട്ടാകാതെ ഞാന്‍ പോകുകയാണ്’ എന്നുപറയുംപോലെ ഒരു വല്ലാത്ത പോക്കായിരുന്നു അത്. ആരെയും വേദനിപ്പിക്കാതെ സൗമ്യവും സാവധാനവുമായ പതനം, ആളുകള്‍ക്ക് ഓടിപ്പോകാന്‍ മതിയായ -സമയമുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുകളിലാണ് പതിച്ചതെങ്കിലും ഡ്രൈവര്‍ക്കും മൂന്ന് യാത്രക്കാര്‍ക്കും ശാഖകള്‍കൊണ്ട് ചെറിയ തോതില്‍ പരിക്കേറ്റുവെന്നതൊഴിച്ചാല്‍ തികച്ചും സമാധാനപരമായിരുന്നു അന്ത്യയാത്ര. അന്ന് ആ ബസിലുണ്ടായിരുന്നവര്‍ തൊഴുകൈയോടെയായിരിക്കും ആ മരമുത്തശ്ശിയോട് യാത്ര പറഞ്ഞ് പോയിട്ടുണ്ടാവുക.

പിന്നെ ബഹളമായിരുന്നു. നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഏതോ മനുഷ്യനെന്നപോലെ വാര്‍ത്തയിലൂടെയും പറഞ്ഞുകേട്ടും സംഭവമറിഞ്ഞ് ഒരുപാട് പേരാണ് കൊയിലാണ്ടിയിലേക്ക് ഓടിക്കൂടിയത്. ദേശീയപാതയില്‍ നീണ്ട ഗതാഗതക്കുരുക്ക്. മഴയാണെങ്കില്‍ ഒട്ടും പിന്നോട്ടില്ലെന്ന മട്ടിലും. ഫയര്‍ഫോഴ്‌സും നാട്ടുകാരും എല്ലാം ചേര്‍ന്ന് ഏറെ നേരത്തെ പ്രയത്‌നത്തിന് ഒടുവിലാണ് മരമുത്തശ്ശിയെ അവിടെനിന്ന് മാറ്റിയത്.

കൊയിലാണ്ടി പുതിയ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന വഴിയില്‍ പെട്രോള്‍ പമ്പിന് തൊട്ടരികിലായാണ് ആല്‍മരം നിലകൊണ്ടിരുന്നത്. ഇത് എന്ന് മുതലുണ്ടെന്നോ ആരെങ്കിലും നട്ടുപിടിച്ചതാണോയെന്നൊന്നും ആര്‍ക്കും കൃത്യമായി അറിയില്ല. ആല്‍മരത്തിന് എത്ര പഴക്കമുണ്ടെന്ന് കൊയിലാണ്ടിക്കാരോട് ചോദിച്ചാല്‍ അവരുടെ മറുപടി ‘ആരിക്കറിയാം, ചെറുപ്പം മുതലേ ഞാനിത് കാണുന്നുണ്ട്. ” എന്നാവും. കൊയിലാണ്ടിക്കാരെ സംബന്ധിച്ച് ചിലര്‍ക്ക് ഇത് തണലായിരുന്നു, ചിലര്‍ക്കാകട്ടെ കച്ചവടം ചെയ്യാന്‍ പറ്റിയ ഇടവും. മറ്റുചിലര്‍ക്ക് ഇത് ആളുകളോട് അടയാളം പറഞ്ഞുകൊടുക്കാനുള്ള ഒന്ന്, ”ഞാനാ ആലിന്റോട്ടില് ണ്ടാവും, നേരെ അങ്ങോട്ടുവന്നാല്‍ മതി” എന്നു പറഞ്ഞാല്‍ അതില്‍ പിന്നെ കൂടുതല്‍ വിശദീകരണമൊന്നും വേണ്ടിവരില്ല.

കൊയിലാണ്ടിയുടെ വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വരുമ്പോഴെല്ലാം ഈ ആല്‍മരവും ചര്‍ച്ചയില്‍ വരാറുണ്ടായിരുന്നു. കടപുഴകി വീഴുന്നതിന് 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊയിലാണ്ടിയിലെ വികസനത്തിന്റെ ഭാഗമായി ഈ ആല്‍മരം വെട്ടിമാറ്റാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പൊതുജനം ഇതിനെ എതിര്‍ത്തതോടെ ആല്‍മരത്തിനുകൂടി സൗകര്യമൊരുക്കിയുള്ള വികസനം മതിയെന്ന നിലയായി. കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും ആ മരം മുറിക്കണമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയായിരുന്നു ‘എനിക്കുവേണ്ടി നിങ്ങള്‍ തല്ലുകൂടേണ്ട’ എന്ന മട്ടിലുള്ള അതിന്റെ പോക്ക്.

കടപുഴകി വീണിട്ട് അഞ്ചുവര്‍ഷത്തിനിപ്പുറവും കൊയിലാണ്ടിക്കാരുടെ ഓര്‍മ്മയില്‍ നിന്നും ഈ ആല്‍മരം മറഞ്ഞിട്ടുണ്ടാവില്ല. ഇന്നും അവിടെ എത്തുമ്പോള്‍ നഷ്ടപ്പെട്ടതെന്തോ തിരയുംപോലെ ഒരുവട്ടമെങ്കിലും ഒന്ന് നോക്കാത്തവര്‍ കുറവായിരിക്കും.