നിയന്ത്രണംവിട്ട ബസ് റോഡിന്റെ മറുഭാഗത്തുനിന്നും കുതിച്ചെത്തി, പിഞ്ചുവിദ്യാര്‍ഥിയെയുംകൊണ്ട് ഓടി യുവാവ്; കോഴിക്കോട്ടെ ബസപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്


കോഴിക്കോട്: കോട്ടുളിയില്‍ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിന്‍ഡിക്കേറ്റ് ബസ് ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം.

പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

ബസ് കടന്നുവരുന്നതിന് തൊട്ടുമുമ്പായി ഒരു ഓട്ടോറിക്ഷ യൂടേണ്‍ എടുത്തതോടെ ബ്രേക്കിട്ട ബസ് നിയന്ത്രണം വിട്ട് എതിര്‍വശത്തെ റോഡ് മുറിച്ച് കടന്ന് മരത്തില്‍ ഇടിച്ച് നിര്‍ത്തുകയായിരുന്നു. ഈ മരത്തിന് അരികിലായി രക്ഷിതാവിനൊപ്പം ഒരു സ്‌കൂള്‍ കുട്ടി ബസ് വാഹനം കാത്തിരിക്കുന്നുണ്ടായിരുന്നു. ബസ് കുതിക്കുന്നത് കണ്ട് കുട്ടിയുമായി ഒപ്പമുണ്ടായിരുന്ന യുവാവ് ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം.

ബസ് അപകടത്തില്‍പ്പെട്ടയുടനെ പ്രദേശത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അധികം വൈകാതെ തന്നെ പൊലീസും സ്ഥലത്തെത്തി. പ്രദേശത്ത് ചെറിയ തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് പെട്ടെന്നുതന്നെ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു.

വീഡിയോ: