കൂടത്തായി കേസ്: നാല് മൃതദേഹങ്ങളില്‍ സയനൈഡ് കണ്ടെത്തിയിട്ടില്ല; ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവ്. ദേശീയ ഫൊറെന്‍സിക് ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. പുറത്തെടുത്ത് പരിശോധന നടത്തിയതില്‍ നാല് മൃതദേഹങ്ങളില്‍ സയനൈഡോ മറ്റ് വിഷാംശങ്ങളോ കണ്ടെത്തിയിട്ടില്ല.
കൊല്ലപ്പെട്ട അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യൂ, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തില്‍ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടെത്തിയിരുന്നു.
അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.
2002ലാണ് ആദ്യ കൊലപാതകം. ആട്ടിന്‍ സൂപ്പ് കഴിച്ച അന്നമ്മ തോമസ് കുഴഞ്ഞു വീണു മരിച്ചു. ആറുവര്‍ഷത്തിനുശേഷം അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസ്, മൂന്നു വര്‍ഷത്തിനു ശേഷം ഇവരുടെ മകന്‍ റോയി തോമസും മരിച്ചു. നാലാമത്തെ മരണം അന്നമ്മ തോമസിന്റെ സഹോദരന്‍ എം.എം. മാത്യുവിന്റേത് ആയിരുന്നു. തൊട്ടടുത്ത മാസം ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഒരു വയസുള്ള മകള്‍ ആല്‍ഫൈന്‍ മരിച്ചു. 2016ല്‍ ഷാജുവിന്റെ ഭാര്യ സിലിയും മരിച്ചു.