‘എന്റെ എല്ലാ നേട്ടങ്ങളെക്കാളും വലിയ സന്തോഷം, ഇതിലും വലുത് ഇനി ജീവിതത്തിലുണ്ടാവില്ല’; അർജന്റീന ലോകകപ്പ് ഉയർത്തിയതിന്റെ വിജയാഹ്ളാദം കൊയിലാണ്ടി ന്യൂസ് ‍‍‍ഡോട് കോമിനോട് പങ്കുവെച്ച് ​കൊല്ലം ഷാഫി, നാട്ടുകാർക്ക് ബിരിയാണി വിതരണം ചെയ്ത് ആരാധകരുടെ ആഘോഷം (വീഡിയോ കാണാം)


സ്വന്തം ലേഖിക

കൊയിലാണ്ടി: നീണ്ട 36 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് നേടുന്നത്. അതിനാല്‍ തന്നെ അതിരില്ലാത്ത ആഘോഷമാണ് ലോകമെമ്പാടുമുള്ള അര്‍ജന്റീന ആരാധകർ നടത്തുന്നത്. തങ്ങളുടെ അതിരറ്റ ആഹ്‌ളാദം നാട്ടുകാര്‍ക്കൊപ്പം പങ്കുവച്ചാണ് കടുത്ത അര്‍ജന്റീന ഫാനും പ്രിയ ഗായകനുമായ കൊല്ലം ഷാഫിയും കൂട്ടരും വിജയാഘോഷം നടത്തിയത്.

[mi1]

ഒരു സോക്കർ യുദ്ധം ആരാധകർക്ക് സമ്മാനിച്ച ദിവസമാണ് ഇന്നലെ. ഇതുപോലൊരു ലോകകപ്പ് ഇതിന് മുന്നേ നടന്നിട്ടുണ്ടോ എന്നതും സംശയമാണ്. അത്തരത്തിലുള്ള പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. അർഹിക്കുന്ന വിജയമാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ അർജന്റീന നേടിയത്. എതിർക്കുന്നവർപോലും മെസി കപ്പുയർത്തിയപ്പോൾ സന്തോഷിച്ചിട്ടുണ്ടാകുമെന്നും കൊല്ലം ഷാഫി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ഈ നൂറ്റാണ്ടിൽ ജനിച്ചതിനും ജീവിച്ചതിനും ഏറ്റവും കടപ്പെട്ട ദിവസമാണ് ഇന്നലെ. ജീവിതത്തിൽ ഇതുവരെ പലതും ഞാൻ നേടിയിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും കിട്ടാത്ത സന്തോഷമാണ് ഇന്നലെ മെസിയുടെ നേതൃത്വത്തിൽ അർജന്റീന കപ്പുയർത്തിയപ്പോൾ ലഭിച്ചത്. ലോകമെമ്പാടുമുള്ള ആരാധകർ ആ​ഗ്രഹിച്ച സ്വപ്ന സാക്ഷാത്ക്കാരത്തിനാണ് ലൂസെയിൽ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ആദ്യ പകുതിയിലെ രണ്ട് ​ഗോളിന്റെ ലീഡിൽ അർജന്റീന ജയിച്ചിരുന്നെങ്കിൽ ഒത്തുകളിച്ചെന്നതടക്കമുള്ള ആരോപണങ്ങൾ ഉയർന്നേനെ. എന്നാൽ അധികസമയത്തും സമനില പിടിച്ച് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതിനാൽ ഇത്തരം ആരോപണങ്ങളെല്ലാം നിഷ്പ്രഭമായി. സ്കലോണിയയുടെ പുതിയ തന്ത്രങ്ങളാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. മെസി കേന്ദ്ര ബിന്ദുവാണെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ ലോകകപ്പിലെ അർജന്റീനയുടെ മത്സരങ്ങൾ- ഷാഫി പറഞ്ഞു.

മത്സരം കഴിഞ്ഞത് മുതൽ അർജന്റീനയുടെ വിജയാഘോഷം ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് വിശക്കുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകി ഞങ്ങൾ ആഘോഷിക്കുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു.

ഷാഫിയുടെ നേതൃത്വത്തിലാണ് അർജന്റീന ആരാധകർ കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി പേർക്ക് ഇന്ന് ബിരിയാണി വിതരണം ചെയ്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്, കൊല്ലം ടൗൺ എന്നിവിടങ്ങളിലാണ് ഭക്ഷണ വിതരണം നടത്തിയത്.

അർജന്റീനനയുടെ ജയത്തിലുള്ള ആഘോഷം ഇന്നോ നാളെയോ കൊണ്ട് അവസാനിക്കുന്നതല്ല. വരും ദിവസങ്ങളിലും ആഘോഷം തുടരും. അടുത്ത വേൾഡ് കപ്പ് വരെ അത് നീണ്ടു നിൽക്കുമെന്നും ഷാഫി പറഞ്ഞു. വിജയാഹ്ലാദത്തിനായി സമ്പാദ്യത്തിന്റെ ഭൂരിപക്ഷം ചെലവഴിച്ചാലും ഞങ്ങൾ അർജന്റീന ഫാൻസിന് സന്തോഷമേയുള്ളുവെന്നും ആരാധകർ പറഞ്ഞു.

വീഡിയോ കാണാം:

വീഡിയോ 2:


Summary: Kollam shafi celebrating argentina victory in fifa world cup