കോഴിക്കോട് മെഡിക്കൽ കോളേജിൽ കരാര്‍ നിയമനം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (19/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു

അവന്റ് ഗ്രേഡ് സെക്കന്റിന്റെ നേതൃത്വത്തില്‍ ലിംഗപദവിയും നേതൃത്വവും എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടിയിൽ വ്യത്യസ്ത കലാ പ്രകടനങ്ങള്‍ അവതരിപ്പിക്കുന്നതിന് മലപ്പുറം, വയനാട്, കോഴിക്കോട് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ കോളേജുകളില്‍ നിന്ന് മത്സരാര്‍ത്ഥികളെ ക്ഷണിക്കുന്നു. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിലാണ് പരിപാടി. രജിസ്ട്രേഷന്‍ നടപടികള്‍ ഡിസംബര്‍ 25 ന് അവസാനിക്കും.

അപേക്ഷ ക്ഷണിക്കുന്നു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ആയൂര്‍വേദിക് പഞ്ചകര്‍മ്മ അസിസ്റ്റന്‍സ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സിന്റെ ഭാഗമായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി ഡിസംബര്‍ 31.

വനിതാ കമ്മീഷന്‍ സിറ്റിംഗ്

സംസ്ഥാന വനിതാ കമ്മീഷന്‍ ഡിസംബര്‍ 28 ന് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ സിറ്റിംഗ് നടത്തും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ കരാര്‍ നിയമനം

കോഴിക്കോട് മെഡിക്കല്‍ കോളേജിന് കീഴിലുളള നെഫ്രോളജി വിഭാഗത്തിലെ ഡിസീസ്ഡ് ഡോണര്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സ്‌കീമില്‍ ടാന്‍സ്പ്ലാന്റ് കോഡിനേറ്റര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വയസ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 26 രാവിലെ 11 മണിക്ക് മുന്‍പ് മെഡിക്കല്‍ കോളേജ് ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2350216, 2350200.

ഗതാഗത നിയന്ത്രണം

ദേശീയപാത 766 ല്‍ താമരശ്ശേരി ചുരം കി.മീ 45/500 മുതല്‍ 57/000 വരെ റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രസ്തുത ഭാഗങ്ങളില്‍ ബുധനാഴ്ച (ഡിസംബര്‍ 21)മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അിറയിച്ചു.

ഊര്‍ജ്ജസംരക്ഷണറാലിയും ഒപ്പുശേഖരണവും

ഊര്‍ജ്ജ പക്ഷാചരണത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റും ഡെവലപ്‌മെന്റ് കേരളയും സംയുക്തമായി നടത്തുന്ന ഊര്‍ജ്ജസംരക്ഷണറാലിയും ഒപ്പുശേഖരണവും നാളെ (ഡിസംബർ 20)രാവിലെ സൗത്ത് നിയോജക മണ്ഡലത്തില്‍ നടക്കും. പരിപാടി രാവിലെ 10 മണിക്ക് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.

ടെണ്ടറുകള്‍ ക്ഷണിക്കുന്നു

കുന്നുമ്മല്‍ ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 175 അങ്കണവാടികളിലേക്ക് 2022-23 സാമ്പത്തികവര്‍ഷം കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിന് ജിഎസ്ടിയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മത്സരാധിഷ്ടിത ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ടെണ്ടര്‍ തീയതി ജനുവരി 3 ന് അവസാനിക്കും. വിശദവിവരങ്ങള്‍ക്ക് കുന്നുമ്മല്‍ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോ. 04962597584, 9961620058

കനാല്‍ തകരാര്‍ -പ്രവൃത്തി പുരോഗമിക്കുന്നു

കുറ്റ്യാടി ഇറിഗേഷന്‍ പ്രോജക്റ്റിന്റെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ വലതുകര മെയിന്‍ കനാലിന്റെ തകര്‍ന്ന ഭാഗം പൂര്‍വ്വ സ്ഥിതിയിലാക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പ്രവൃത്തി നടക്കുന്ന സ്ഥലം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ, വൈസ് പ്രസിഡന്റ് ടി.കെ മോഹന്‍ദാസ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

പദ്ധതിക്കായി 80 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കുറ്റ്യാടി ഇറിഗേഷന്‍ കനാല്‍ കടന്നുപോകുന്ന വിവിധ നിയോജക മണ്ഡലങ്ങളിലെ കനാല്‍ ശുചീകരണ പ്രവര്‍ത്തിക്കായുള്ള 10 കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് കെപി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അറിയിച്ചു.

ക്രിസ്തുമസ്സ്-പുതുവത്സര ഖാദി മേളക്ക് തുടക്കമായി; ലഭിക്കുക 30 ശതമാനം റിബേറ്റ്

ക്രിസ്തുമസ്സ്-പുതുവത്സര ഖാദി മേളയുടെ ജില്ലാ തല ഉദ്ഘാടനം കൊയിലാണ്ടി ഖാദി ഗ്രാമ സൗഭാഗ്യയില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. ഖാദിമേളയോട് അനുബന്ധിച്ച് ഡിംസബര്‍ 19 മുതല്‍ ജനുവരി മൂന്ന് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 100000 രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും.

ഖാദി ബോര്‍ഡിന് കീഴില്‍ പ്രവൃത്തിക്കുന്ന കൊയിലാണ്ടി, ചെറൂട്ടി റോഡ്, ബാലുശ്ശേരി അറപ്പിടീക, വടകര, പയ്യോളി, ഓര്‍ക്കാട്ടേരി , പേരാമ്പ്ര എന്നിവിടങ്ങളിലെ വില്‍പ്പനശാലകളില്‍ ഖാദി കോട്ടണ്‍, സില്‍ക്ക് തുണിത്തരങ്ങള്‍, മരച്ചക്കിലാട്ടിയ എള്ളെണ്ണ, നറുതേന്‍ എന്നിവ ലഭിക്കും.

വാര്‍ഡ് കൗണ്‍സിലര്‍ കെ ലളിത അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക ആശംസകള്‍ നേര്‍ന്നു. പ്രാജക്ട് ഓഫീസര്‍ കെ ഷിബി സ്വാഗതവും അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ ജിഷ നന്ദിയും പറഞ്ഞു.

സി.എം.ഒ പോര്‍ട്ടല്‍; ദ്വിദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു

മുഖ്യമന്ത്രിയുടെ പൊതുജന പരിഹാര സംവിധാനമായ സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച് ദ്വിദിന ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്നും(ഡിസംബർ 19) നാളെ(ഡിസംബർ 20)യുമായി നടക്കുന്ന പരിപാടിയില്‍ സി.എം.ഡി.ആര്‍.എഫ് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്ന വില്ലേജ് ഓഫീസര്‍ തലം മുതലുള്ള ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേക സെഷനും സി.എം.ഒ പോര്‍ട്ടല്‍ സംബന്ധിച്ച പരിശീലനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോയിന്റ് സെക്രട്ടറി റോബര്‍ട്ട് ഫ്രാന്‍സിസ് പരിശീലനത്തിന് നേതൃത്വം നല്‍കി.

പരിശീലനത്തിന്റെ ആദ്യ ദിനമായ ഇന്ന് രണ്ടു സെഷനുകളാണ് നടന്നത്. രാവിലെ നടന്ന ആദ്യ സെഷനില്‍ കോഴിക്കോട്, താമരശ്ശേരി താലൂക്കുകളുടെ പരിധിയില്‍ വരുന്ന എല്ലാ സബ് ഓഫീസുകളിലെയും ചാര്‍ജ് ഓഫീസര്‍മാരും വില്ലേജ് ഓഫീസര്‍മാരും താലൂക്ക് ഓഫീസുകളില്‍ സി.എം.ഒ/സി.എം.ഡി.ആര്‍.എഫ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരും വില്ലേജുകളുടെ ചാര്‍ജ് ഓഫീസര്‍മാരും പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ കൊയിലാണ്ടി, വടകര താലൂക്കുകളിലെ പരിധിയില്‍ വരുന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

നാളെ നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ മറ്റു വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ ‘സോളാര്‍ സ്മാര്‍ട്ട്’

വൈദ്യുത ഉത്പാദനരംഗത്ത് സ്വയംപര്യാപ്തമാവാനൊരുങ്ങി വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍. സോളാര്‍ പാനല്‍ സ്ഥാപിച്ചാണ് സ്‌കൂളിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നതിനാവശ്യമായ സജ്ജീകരണമൊരുക്കിയത്. എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് മേലടി ബി.ആര്‍.സി ആണ് പദ്ധതി നടപ്പാക്കുന്നത്. എസ്.എസ്.കെയില്‍ നിന്ന് അനുവദിച്ച രണ്ടര ലക്ഷം രൂപ ഉപയോഗിച്ചാണ് സോളാര്‍ സ്ഥാപിച്ചത്. മൂന്ന് കിലോവാട്ട് റൂഫ് ടോപ്പ് സോളാര്‍ പ്ലാന്റാണ് ഒരുക്കിയിട്ടുള്ളത്. ആറ് പാനലുകളാണ് സ്‌കൂളിലുള്ളത്. അനര്‍ട്ടിനാണ് നിര്‍മ്മാണ ചുമതല. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സ്‌കൂളില്‍ വൈദ്യുതി മുടങ്ങുമെന്ന ആശങ്കയ്ക്ക് വിരാമമാകും.

എല്‍.കെ.ജി മുതല്‍ നാലാം ക്ലാസ് വരെ നൂറിന് മുകളില്‍ വിദ്യാര്‍ത്ഥികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സ്‌കൂളില്‍ ഒന്നാണ് വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യം ഉയര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനാവശ്യമായ നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് മുഖേന സര്‍ക്കാര്‍ നടപ്പാക്കി വരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് സ്‌കൂളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത്.

ഡിസംബര്‍ 20ന് പദ്ധതിയുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷത വഹിക്കും. എസ്.എസ്.കെ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം മുഖ്യാതിഥിയാകും.

കാലവര്‍ഷ ദുരന്ത ലഘൂകരണം: തയ്യാറെടുപ്പുകള്‍ക്ക് തുടക്കമായി; ജില്ലകളില്‍ ഡിസംബര്‍ 29 ന് മോക്ക് ഡ്രില്‍

കാലവര്‍ഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ തയ്യാറെടുപ്പുകള്‍ക്ക് സംസ്ഥാനത്തു തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഒരേ ദിവസം പ്രളയം, മണ്ണിടിച്ചില്‍ സംബന്ധിച്ച് മോക്ക് ഡ്രില്‍ നടത്തും. മോക്ക് ഡ്രില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാനതല യോഗത്തില്‍ റവന്യൂ മന്ത്രി കെ.രാജന്‍ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വീശദീകരിച്ചു. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് മുഴുവന്‍ വകുപ്പുകളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മോക്ക് ഡ്രില്ലുമായി ബന്ധപ്പെട്ട് ഡിസംബര്‍ 27മുതല്‍ 29 വരെ സംസ്ഥാനത്ത് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള ജില്ലകളില്‍ ഇവ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ച മോക്ക് ഡ്രില്ലുകള്‍ ഡിസംബര്‍ 29 ന് നടക്കും. ഇതിനു മുന്നോടിയായി മോക്ക് ഡ്രില്‍ ഉള്‍പ്പെടെയുള്ള ദുരന്ത ലഘൂകരണ തയ്യാറെടുപ്പുകളുടെ അവസാന ഘട്ട അവലോകന യോഗം ഡിസംബര്‍ 27 ന് ചേരും.

പ്രളയസാധ്യതയുള്ള ജില്ലകളിലും ഇടുക്കി, പാലക്കാട്, വയനാട് തുടങ്ങിയ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ജില്ലകളിലും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. കണ്‍ട്രോള്‍ റൂം, ആശയവിനിമായ ഉപാധികളുടെ ഉപയോഗം, സംസ്ഥാന/ജില്ലാ തലത്തില്‍ ആവശ്യമായ ഏകോപന പ്രവര്‍ത്തനങ്ങള്‍, തുടങ്ങിയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഓരോ ജില്ലയിലും മോക്ക് ഡ്രില്ലിനായി വിവിധ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കും. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അനിത കുമാരി, ജൂനിയര്‍ സൂപ്രണ്ട് (ഡിഎം) ബിന്ദു, എ.സി.പി പ്രകാശന്‍ പടന്നയില്‍, വെള്ളിമാടുകുന്ന് ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കെ.പി ബാബുരാജ്, ജില്ലാ തല ഐ ആര്‍ എസ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക ഭരണം ഏറ്റവും ശക്തമായി ഇടപെടുന്ന സംസ്ഥാനം കേരളം – മന്ത്രി പി എ മുഹമ്മദ് റിയാസ്

രാജ്യത്ത് പ്രാദേശിക ഭരണം ഏറ്റവും ശക്തമായി ഇടപെടുന്ന സംസ്ഥാനമാണ് കേരളമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പനങ്ങാട് പഞ്ചായത്തിലെ വട്ടോളി ബസാറില്‍ ആരംഭിച്ച ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ട് മുന്നോട്ട് വരുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രാദേശിക ആസൂത്രണത്തിനും മികച്ച സാധ്യതകളുണ്ട്. പേവിഷബാധ ഉള്‍പ്പടെ തെരുവ്‌നായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന പദ്ധതിയാണ് എ ബി സി. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയുമായി ബന്ധപ്പെട്ട മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലാപഞ്ചായത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മൃഗസംരക്ഷണ വകുപ്പിന്റേയും സഹകരണത്തോടെയാണ് വട്ടോളി ബസാറില്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആശുപത്രി ആരംഭിച്ചത്.

അഡ്വ. കെ.എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി.പി ജമീല, കെ വി റീന, ജില്ലാപഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ്മുക്ക്, ഗ്രാമപഞ്ചായത്ത് അംഗം റിജു പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ കെ. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ എ. ജെ ജോയ് നന്ദി പറഞ്ഞു.

പാലങ്ങള്‍ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്; വഴിക്കടവ് പാലം പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

അടുത്ത വര്‍ഷത്തോടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ വിദേശമാതൃകയില്‍ ദീപാലകൃതമാക്കുന്നത് പരിഗണനയിലാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തിരുവമ്പാടി വഴിക്കടവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

2023 ഓടെ സംസ്ഥാനത്തെ 50 പാലങ്ങള്‍ വിദേശമാതൃകയില്‍ ദീപാലംകൃതമാക്കി വിനോദ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി പറഞ്ഞു. 2025 ഓടെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളില്‍ 50 ശതമാനവും ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് മാറ്റും. മലയോര ഹൈവേയുടെ പ്രവൃത്തി 90 ശതമാനം പൂര്‍ത്തിയായതായും ഇത് മുഖ്യമന്ത്രിയുടെ സുപ്രധാന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. മലയോര ഹൈവേ യാഥാര്‍ത്ഥ്യമാവുന്നതോടെ മലയോര മേഖലയുടെ സമ്പൂര്‍ണ്ണ ഉണര്‍വ്വ് സാധ്യമാവും. കാര്‍ഷിക, ടൂറിസം മേഖലയില്‍ അനന്തസാധ്യതകള്‍ക്ക് വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.

പൊയിലിങ്ങാപുഴക്ക് കുറുകെ പുന്നക്കല്‍, തിരുവമ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് വഴിക്കടവ് പാലം. നബാര്‍ഡ് ആര്‍ ഐ ഡി എഫില്‍ ഉള്‍പ്പെടുത്തി 5.53 കോടി രൂപ ചെലവഴിച്ചാണ് പാലം പുനര്‍ നിര്‍മ്മിക്കുന്നത്. 33 മീറ്റര്‍ നീളത്തില്‍ 2 സ്പാന്‍ ആയാണ് പാലം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഇരു വശങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ ഫൂട്ട്പാത്തും 7.50 മീറ്റര്‍ വീതിയില്‍ കാരേജ് വേയും ഉള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയാണ് പാലത്തിനുള്ളത്. പാലത്തിന്റെ അടിത്തറ ഓപ്പണ്‍ ഫൗണ്ടേഷനായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പാലത്തിന് പുന്നക്കല്‍ ഭാഗത്തുനിന്നും 110 മീറ്ററും തിരുവമ്പാടി ഭാഗത്ത് 65 മീറ്ററും നീളത്തില്‍ അനുബന്ധ റോഡ് നിര്‍മ്മിക്കുന്നതും ഈ പ്രവൃത്തിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി.അജിത് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ജില്ലാപഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദു റഹിമാന്‍, ഉത്തരമേഖല പാലം വിഭാഗങ്ങള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ പി.കെ മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രാദേശിക ചാനലുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു

ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നിര്‍മ്മിക്കുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടികള്‍ ആഴ്ച്ചയില്‍ ഒരു ദിവസം പ്രാദേശിക ചാനലുകള്‍ വഴി സംപ്രേക്ഷണം ചെയ്യുന്നതിനായി ജില്ലയിലെ പ്രധാന പ്രാദേശിക ചാനലുകളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ള ചാനലുകള്‍ വിശദമായ അപേക്ഷ, ചാനലിനെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്‍പ്പടെ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തിലേക്ക് ഡിസംബര്‍ 26 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370225

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; നാളെ (ഡിസംബർ 20) കർട്ടൻ റെയ്സർ

ഡിസംബർ 24 മുതൽ 28 വരെ ജില്ലയിൽ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. വാട്ടർ ഫെസ്റ്റുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെസ്റ്റിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ കർട്ടൻ റെയ്സർ പരിപാടി നാളെ (ഡിസംബർ 20 )ഫറോക്കിൽ അരങ്ങേറും. ഗൗരി ലക്ഷ്മി നയിക്കുന്ന ലൈവ് മ്യൂസിക് ഷോ നല്ലൂർ ഇ കെ നായനാർ സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരം 7 മണിക്ക് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും.

ഡിസംബർ 24 ന് വാട്ടർ ഫെസ്റ്റിന്റെ ഉദ്ഘാടനം ബേപ്പൂർ ബീച്ചിൽ വർണ്ണാഭമായി നടക്കും. അന്നേദിവസം ടൂറിസം കാർണിവലിന് ചാലിയത്ത് തുടക്കമാകും. സൈക്കിൾ റാലിയും, ഫ്ലൈ ബോർഡ് ഡെമോയും പാരാ മോട്ടറിംഗും തുടർന്ന് ആഘോഷപൂർവ്വമായ ഘോഷയാത്രയും നടക്കും. വൈകുന്നേരം 7 30ന് ബേപ്പൂർ ബീച്ചിൽ പ്രശസ്ത പിന്നണി ഗായിക സിത്താരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്കൽ പ്രോഗ്രാം ‘മലബാറിക്കസ്’ അരങ്ങേറും.
തുടർന്നുള്ള ദിവസങ്ങളിൽ വിധുപ്രതാപ്, നവ്യാനായർ, വിനോദ് ശേഷാദ്രി തുടങ്ങി കലാ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ നേതൃത്വത്തിൽ നൃത്ത- സംഗീത വിരുന്ന് ഉൾപ്പെടെയുള്ള പരിപാടികൾ അരങ്ങേറും. മലബാറിന്റെ രുചിഭേദങ്ങൾ വിളിച്ചോതുന്ന ഫുഡ് ഫെസ്റ്റ് മറ്റൊരു മുഖ്യ ആകർഷണമായിരിക്കും.

പട്ടം പറത്തലിന് ദേശീയ, അന്തർദേശീയ തലത്തിലുള്ള താരങ്ങൾ ബേപ്പൂരിൽ എത്തും. സെയിലിംഗ്, കയാക്കിങ്, പട്ടം പറത്തൽ, സർഫിംഗ് ഡെമോ, ഡിങ്കി ബോട്ട് റെയ്‌സ്, വലവീശൽ, സീ കയാക്കിങ്, പട്ടം പറത്തൽ വർക്ക്ഷോപ്പ്, ബാംബൂ റാഫ്റ്റിംഗ്, ഫൈബർ വള്ളം തുഴയൽ, ചെറുവള്ളങ്ങളുടെ മത്സരങ്ങൾ, തദ്ദേശീയരെ കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള പ്രാദേശിക തലത്തിലുള്ള മത്സരങ്ങൾ തുടങ്ങി വിവിധങ്ങളായ ജല കായികമേളകൾ ബേപ്പൂരിൽ അരങ്ങേറും.

പത്രസമ്മേളനത്തിൽ ഡിഡിസി എം.എസ് മാധവിക്കുട്ടി, ടൂറിസം ജോയിന്റ് ഡയറക്ടർ ടി. ജി അഭിലാഷ്, തുടങ്ങിയവർ പങ്കെടുത്തു.

ഉറവിട മാലിന്യ സംസ്‌ക്കരണം വീടുകളിലേക്ക് പദ്ധതികളുമായി കോര്‍പ്പറേഷന്‍; വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് അപേക്ഷ നല്‍കണം

മാലിന്യ മുക്ത നഗരസഭയാകാന്‍ ഉറവിട മാലിന്യ സംസ്‌ക്കരണ പദ്ധതിയുമായി കോഴിക്കോട് കോര്‍പ്പറേഷന്‍. ഉറവിട മാലിന്യ സംസ്‌ക്കരണം വീടുകളിലേക്ക് എന്ന ലക്ഷ്യവുമായി അഴക് പദ്ധതിയുടെ ഭാഗമായി 21 കോടിരൂപയുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതികളാണ് കോര്‍പ്പറേഷന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. കോര്‍പ്പറേഷന്‍ പരിധികളിലെ വീടുകളിലെ ജൈവ മാലിന്യങ്ങളെ ഉറവിടത്തില്‍ തന്നെ സംസ്‌ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

മാലിന്യ സംസ്‌ക്കരണത്തിന് കോര്‍പ്പറേഷന്‍ ആവിഷ്‌ക്കരിച്ച മാലിന്യ മുക്ത കോഴിക്കോട് എന്ന അഴക് പദ്ധതിയുടെ ഭാഗമായാണ് ഉറവിട മാലിന്യ സംസ്‌ക്കരണം പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി ആധുനിക മാലിന്യ സംസ്‌ക്കരണ ഉപകരണങ്ങള്‍ സബ്ഡിസി നിരക്കില്‍ വിതരണം ചെയ്യും. ബയോഗ്യാസ് ഒഴികെയുള്ള ഉപകരണങ്ങള്‍ 90 ശതമാനം സബ്‌സിഡിയിലാണ് നല്‍കുക. ബയോഗ്യാസിന് 50 ശതമാനം സബ്ഡിസി നല്‍കും. 900 ബയോഗ്യാസുകള്‍, 26250 ജി ബിന്നുകള്‍, 15000 റിംഗ് കമ്പോസ്റ്റുകള്‍, 6750 ബൊക്കാഷി ബക്കറ്റ്, 7427 പൈപ്പ് കമ്പോസ്റ്റുകള്‍ തുടങ്ങി 53062 ഉപകരണങ്ങള്‍ 53062 കുടുംബങ്ങളിലേക്കായി വിതരണം ചെയ്യും. 21,52,23144 രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്.

19443 രൂപ വിലയുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റിന് 50 ശതമാനം സബ്ഡിസി കഴിച്ച് 9723 രൂപയാണ് ഗുണഭോക്തൃ വിഹിതം. മൂന്നു തട്ടുകളോട് കൂടിയ ജി ബിന്‍ ബിന്നുകളുടെ വില 4300 രൂപയാണ്. ഇതിന് 90 ശതമാനം സബ്ഡിഡി കഴിച്ച് 430 രൂപയാണ് ഗുണഭോക്തൃ വിഹിതം. ഇതിന് 3870 രൂപ സബ്‌സിഡി നല്‍കും.3750 രൂപ വില വരുന്ന രണ്ട് വീതം റിംഗ് കമ്പോസ്റ്റുകള്‍ 3375 രൂപ സബ്‌സിഡിയില്‍ നല്‍കും. ഇതിന് ഗുണഭോക്തൃ വിഹിതമായി 375 രൂപ അടക്കണം. 2845 രൂപ വിലവരുന്ന രണ്ട് ബൊക്കാഷി ബക്കറ്റിന് 2560 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. ബാക്കി തുകയായ 285 രൂപ ഗുണഭോക്താവ് അടക്കണം. 1265 രൂപ വിലയുള്ള പൈപ്പ് കമ്പോസ്റ്റിന് 1138 രൂപ സബ്‌സിഡി നല്‍കും. സബ്‌സിഡി തുക കഴിച്ച് 127 രൂപയാണ് ഗുണഭോക്തൃ വിഹിതം അടക്കേണ്ടത്. പദ്ധതിയുടെ അപേക്ഷാ ഫോറത്തിനായി വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ഹെല്‍ത്ത് ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെടണം.

തെരുവ് നായ വന്ധ്യംകരണം : ആധുനിക സൗകര്യങ്ങളോടെ വട്ടോളി ബസാറിൽ എ.ബി.സി സെന്റര്‍

തെരുവ് നായ ശല്യം കുറക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വട്ടോളി ബസാര്‍ മൃഗാശുപത്രിക്ക് സമീപം നിര്‍മിച്ച എ.ബി.സി സെന്റര്‍ ഉദ്ഘാടനം ചെയ്തു. 82 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കേന്ദ്രത്തില്‍ ആധുനിക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേ വിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ലോകാരോഗ്യ സംഘടന വികസിപ്പിച്ചെടുത്ത പദ്ധതിയാണ് അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം. ഈ രംഗത്ത് പ്രായോഗിക പദ്ധതിയ്ക്ക് രൂപം നല്‍കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഒരു കേന്ദ്രീകൃത എ.ബി.സി സെന്റര്‍ എന്ന നിലയിലാണ് പനങ്ങാട് പഞ്ചായത്തിലെ വട്ടോളി ബസാറില്‍ കേന്ദ്രം ആരംഭിച്ചിട്ടുള്ളത് .

പദ്ധതിയുടെ നടത്തിപ്പിലേക്കായി നാല് ഓപ്പറേഷന്‍ ടേബിളുകളോടുകൂടിയ ഒരു ഓപ്പറേഷന്‍ തീയേറ്റര്‍, പ്രീ ആന്റ് പോസ്റ്റ് ഓപ്പറേറ്റീവ് കെയര്‍ യൂണിറ്റുകള്‍, സി.സി.ടി.വി നിരീക്ഷണ സംവിധനം, ഓഫീസ് റൂം, സ്റ്റോര്‍ റൂം, ശസ്ത്രക്രിയ ഉപകരണങ്ങളുടെ അണുനശീകരണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. നാല് ഡോക്ടര്‍മാര്‍, നാല് ഓപ്പറേഷന്‍ തിയേറ്റര്‍ സഹായികള്‍, രണ്ട് ഡോഗ് ഹാന്റിലേസ്, നാല് ഡോഗ് ക്യാച്ചേസ്, ശുചീകരണ പ്രവത്തകര്‍ എന്നിവരെ താല്ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്.

തെരുവുനായ്ക്കളെ എ.ബി.സി. സെന്ററിലെത്തിച്ച് വന്ധ്യംകരിക്കാനുള്ള സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. സെന്ററിന്റെ പ്രവര്‍ത്തനം ഡിസംബര്‍ ഒന്നിന് ആരംഭിച്ചിരുന്നു. ഇതുവരെ 17 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്. ഒരു തെരുവുനായയ്ക്ക് 300 രൂപ നിരക്കില്‍ കേന്ദ്രത്തില്‍ എത്തിക്കാനാണ് കരാര്‍ നല്‍കിയത്.

തെരുവ് നായകളെ പിടികൂടി വന്ധ്യംകരണ നടത്തിയശേഷം ആണ്‍ നായകളെ നാല് ദിവസവും, പെണ്‍ നായകളെ അഞ്ച് ദിവസവും നീരീക്ഷണത്തില്‍ വെച്ച് അവയെ പിടിച്ച സ്ഥലത്ത്തന്നെ കൊണ്ടുവിടുന്നതാണ് പദ്ധതി.

ജില്ലയിലെ 70 പഞ്ചായത്തുകള്‍ 1 ലക്ഷം രൂപ വീതവും, ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും ഈ വര്‍ഷം പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. ഈ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗിച്ച് വടകര, കായക്കൊടി എന്നിവിടങ്ങളില്‍ ഉടന്‍ തന്നെ എ.ബി.സി സെന്ററുകള്‍ ആരംഭിക്കും.

പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് മേധാവി ചെയര്‍മാനായും, ആരോഗ്യ വകുപ്പ് , മൃഗസംരക്ഷണ വകുപ്പ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍, വെറ്ററിനറി ഡോക്ടര്‍, മൃഗസംരക്ഷണ സംഘടനയിലുള്ളവര്‍ എന്നിവരടങ്ങുന്ന ഒരു മോണിറ്ററിംഗ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.