വിശ്വമാമാങ്കത്തിന്റെ വിസ്മയക്കാഴ്ചകൾ നാടിന് പകർന്ന മന്ദമംഗലത്തെ ചെന്താര സോക്കർ ഫെസ്റ്റിന് ആവേശകരമായ പരിസമാപ്തി; അർജന്റീനയുടെ വിജയം ആഘോഷിച്ചത് ആർപ്പ് വിളിച്ചും പടക്കം പൊട്ടിച്ചും ആടിയും പാടിയും (വീഡിയോ കാണാം)


കൊയിലാണ്ടി: കാൽപന്തുകളിയുടെ വിശ്വമാമാങ്കത്തിന്റെ വിസ്മയക്കാഴ്ചകൾ നാടിന് പകർന്നുനൽകിയ മന്ദമംഗലത്തെ ചെന്താര സോക്കർ ഫെസ്റ്റിസ് ആവേശകരമായ പരിസമാപ്തി. ഫൈനൽ മത്സരത്തിന് മുമ്പായി കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ അരവിന്ദൻ കേക്ക് മുറിച്ചുകൊണ്ടാണ് സമാപന പരിപാടി ഉദ്ഘാടനം ചെയ്തത്. മണി അട്ടാളി അധ്യക്ഷത വഹിച്ചു. എ.പി.സുധീഷ്, കരുണാകരൻ, അനീഷ്.കെ.പി, ഷിബിൻ.പി.കെ എന്നിവർ സംസാരിച്ചു.

അർജന്റീന ഫ്രാൻസ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ നൂറുകണക്കിന് ഫുട്ബോൾ ആരാധകരാണ് എത്തിയത്. മെസ്സിയുടെയും അർജന്റീനയുടെയും ആരാധകരായിരുന്നു ഏറെയും അർജന്റീനയുടെ ജഴ്സി ധരിച്ച് കൊടിയും വീശി എത്തിയവരിൽ കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെയുണ്ടായിരുന്നു. അർജന്റീനയുടെയും മെസിയുടെയും ഓരോ നീക്കങ്ങളേയും ശബ്ദഘോഷങ്ങളോടെയാണ് സ്വീകരിച്ചത്. 23 ആം മിനുറ്റിൽ മെസിയുടെ പെനാൽട്ടി ഗോൾ ആർപ്പുവിളിച്ചും പടക്കം പൊട്ടിച്ചുമാണ് ആരാധകർ ആഘോഷിച്ചത്. 36 ആം മിനുട്ടിൽ ഡി മരിയയുടെ ഗോൾ കൂടി വന്നതോടെ അർജന്റീനയുടെ ഏകപക്ഷീയമായ വിജയത്തിന്റെ ആഘോഷങ്ങൾ ആരംഭിച്ചിരുന്നു.

പൊടുംന്നെനെയാണ് 75 ആം മിനുട്ടിൽ ഫ്രാൻസിനു ലഭിച്ച പെനാൽട്ടി എംബാപ്പെ ഗോളാക്കിയതോടെ അതുവരെ നിശബ്ദരായി കളികണ്ടിരുന്ന ഫ്രാൻസിന്റെ ആരാധകർക്ക് പ്രതീക്ഷയായി. മിനുട്ടുകൾക്കുള്ളിൽ എംബാപ്പെ മറ്റൊരു ഗോൾ കൂടി നേടി സമനില നേടിയതോടെ മത്സരത്തിന് ചൂടുപിടിച്ചു. ബ്രസീൽ ആരാധകർക്കുടി ഫ്രാൻസുകാർക്കൊപ്പം ചേർന്ന് ആരവമുയർത്താൻ തുടങ്ങി.

കളി എക്സ്ട്രാ ടൈമിലേക്കെത്തിയപ്പോൾ അതാ വീണ്ടും മെസ്സിയുടെ ഗോൾ മിനുട്ടുകളുടെ ഇടവേളയിൽ പെനാൽട്ടിയിലൂടെ ഗോൾ മടക്കി സമനില പിടിച്ച് എംബാപ്പെ. പിരിമുറുക്കത്തിന്റെ നിമിഷങ്ങൾ. അവസാന മിനുട്ടുകളിൽ എമിലിയാനൊ മാർട്ടിനസിന്റെ രക്ഷപ്പെടുത്തൽ ശ്വാസമടക്കിപ്പിടിച്ചാണ് അർജന്റീന ആരാധകർ കണ്ടു തീർത്തത്. പെനാൽട്ടി ഷൂട്ടൗട്ടിൽ വിധി നിർണ്ണയിച്ചപ്പോൾ അർജന്റീന വിജയ കിരീടത്തിലേക്ക്.

അർജന്റീന കൊടിയും വീശി ആർപ്പുവിളികളോടെ ആരാധകർ പുറത്തേക്കോടി ആനന്ദ നൃത്തം ചവിട്ടി. ദേശീയ പാതയിൽ വാഹനങ്ങൾ നിശ്ചലമായി പിന്നെ ഏറെ നേരം വെടിക്കെട്ടും ആട്ടവും പാട്ടുമായി പുലരുവോളം ആഘോഷം.

ലോകകപ്പ് ഫുട്ബോളിനെ വരവേറ്റു കൊണ്ട് സിൽക്ക് ബസാറിലെ ചെന്താര വായനശാലയുടെ നേതൃത്വത്തിലാണ് ചെന്താര സോക്കർ ഫെസ്റ്റ് സംഘടിപ്പിച്ചത്. ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് ഒരു മാസം മുമ്പു തന്നെ വിവിധ പ്രവവർത്തനങ്ങൾ ആരംഭിച്ചിരുന്നു. പെനാൽട്ടി ഷൂട്ടൗട്ട് മത്സരം ഫുട്ബോൾ ടൂർണമെന്റ് എന്നിവ സംഘടിപ്പിച്ചു കൊണ്ടാണ് ലോകകപ്പ് ആവേശത്തിന് തുടക്കം കുറിച്ചത്. നവംബർ 20 ന് ലോകകപ്പ് വിളംബര റാലിയിൽ നൂറു കണക്കിന് ആരാധകരാണ് അണിനിരന്നത്. തുടർന്ന് ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. ആവേശകരമായ അനുഭവമായി മന്ദമംഗലത്തെ ചെന്താര സോക്കർ ഫെസ്റ്റ്.

വീഡിയോ കാണാം: