പെണ്‍കുട്ടികള്‍ക്ക് രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേകം അനുമതിയോടെ പോകാം; കോഴിക്കോട് മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി


കോഴിക്കോട്: വനിതാ ഹോസ്റ്റലിലെ സമയനിയന്ത്രണത്തിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. രാത്രി ക്യാമ്പസിലേക്കും പുറത്തേക്കും പ്രത്യേക അനുമതിയോടെ പോകാമെന്ന് ഹൈക്കോടതി വിധിച്ചു. ഹര്‍ജിക്കാര്‍ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്ന് അഭിനന്ദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹര്‍ജി തീര്‍പ്പാക്കിയത്.

പെണ്‍കുട്ടികള്‍ക്ക് രാത്രിയില്‍ ക്യാമ്പസിലേക്ക് പോകാന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ അനുമതി മതിയെന്ന് കോടതി വിധിയില്‍ പറയുന്നു. അതേസമയം രാത്രി 09:30 ന് ശേഷം ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് പോകണമെങ്കില്‍ രക്ഷകര്‍ത്താക്കളുടെ അനുമതി വേണമെന്നും ഹൈക്കോടതി വിധിയില്‍ പറഞ്ഞു.

ഹോസ്റ്റല്‍ വിദ്യാര്‍ഥികളുടെ പുറത്തു പോകാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ നിലപാടു രേഖപ്പെടുത്തിയാണ് ഹര്‍ജി കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹോസ്റ്റലുകള്‍ ജയിലുകളല്ലെന്നു കോടതി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

ഭരണഘടനാപരമായ അവകാശം പൗരന്‍മാര്‍ക്ക് ഉറപ്പു വരുത്തുകയാണ് കോടതിയുടെ പരിഗണന. പെണ്‍കുട്ടികള്‍ക്കു ഭരണഘടനാപരമായ അവകാശമുണ്ട്. ഒരു പക്ഷെ ആണ്‍കുട്ടികളെക്കാള്‍ അത്തരം അവകാശം കൂടുതലായി പെണ്‍കുട്ടികള്‍ക്കുണ്ട്. വിവേചനപരമായ നിയന്ത്രണങ്ങള്‍ പെണ്‍കുട്ടികളുടെ മേല്‍ ചുമത്താനാവില്ല എന്നും കോടതി വ്യക്തമാക്കിയിരുന്നു.