കൊച്ചിയിൽ ​ഗോൾമഴ, മഞ്ഞപ്പടയെ മുട്ടുകുത്തിച്ച് മോഹന്‍ ബഗാന്‍; കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ തോൽവി രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്ക്


കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. എ.ടി.കെ മോഹന്‍ ബഗാനാണ് മഞ്ഞപ്പടയെ കീഴടക്കിയത്. രണ്ടിനെതിരേ അഞ്ചുഗോളുകള്‍ക്കാണ് ടീമിന്റെ തോല്‍വി.

മോഹന്‍ ബഗാനുവേണ്ടി ദിമിത്രി പെട്രറ്റോസ് ഹാട്രിക്ക് നേടി. ലെനി റോഡ്രിഗസ്, ജോണി കൗക്കോ എന്നിവരും ടീമിനായി ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിനായി ഇവാന്‍ കലിയുഷ്‌നിയും കെ.പി.രാഹുലും ഗോളടിച്ചു.

ഒരു ഗോളിന് ലീഡ് ചെയ്തശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി വഴങ്ങിയത്. പ്രതിരോധനിരയിലെ പിഴവാണ് ടീമിന്റെ തോല്‍വിയ്ക്ക് പ്രധാന കാരണം. ആക്രമണത്തില്‍ മാത്രം ശ്രദ്ധിച്ചപ്പോള്‍ പ്രതിരോധത്തില്‍ മഞ്ഞപ്പട ഗുരുതരമായ വീഴ്ചവരുത്തി. ഈ തോല്‍വിയോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. മോഹന്‍ ബഗാന്‍ മൂന്ന് പോയന്റുമായി അഞ്ചാമതാണ്.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആക്രമണം അഴിച്ചുവിട്ടു. ആദ്യ മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തുമായിരുന്നു. മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് പന്തുമായി ബോക്‌സിലേക്ക് മുന്നേറിയെങ്കിലും താരത്തിന് ഗോളടിക്കാനായില്ല. സുവര്‍ണാവസരമാണ് സഹല്‍ നഷ്ടപ്പെടുത്തിയത്. പിന്നാലെ മറ്റൊരവസരവും ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചു. അതും ലക്ഷ്യം കണ്ടില്ല.

എന്നാല്‍ മൂന്നാമത്തെ ശ്രമത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പിഴച്ചില്ല. ആറാം മിനിറ്റില്‍ സൂപ്പര്‍ താരം ഇവാന്‍ കലിയുഷ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് മത്സരത്തില്‍ ലീഡെടുത്തു. സഹല്‍ അബ്ദുള്‍ സമദിന്റെ അസിസ്റ്റില്‍ നിന്നാണ് ഗോള്‍ പിറന്നത്. ബോക്‌സിന്റെ വലതുഭാഗത്തുനിന്ന് സഹല്‍ നല്‍കിയ പാസ് മികച്ച ഫിനിഷിലൂടെ കലിയുഷ്‌നി വലയിലെത്തിച്ചു. ഇതോടെ സ്‌റ്റേഡിയം സന്തോഷത്താല്‍ ഇളകി മറിഞ്ഞു. ഇവാന്‍ ബ്ലാസ്‌റ്റേഴ്‌സിനായി നേടുന്ന മൂന്നാം ഗോളാണിത്. ആദ്യ മത്സരത്തില്‍ താരം ഇരട്ട ഗോള്‍ നേടിയിരുന്നു.

ഒന്‍പതാം മിനിറ്റില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ മടക്കിയെങ്കിലും റഫറി ഓഫ് സൈഡ് ഫ്‌ളാഗ് ഉയര്‍ത്തി. ഇതോടെ ഗോള്‍ അസാധുവായി. മത്സരത്തിലുടനീളം ബ്ലാസ്‌റ്റേഴ്‌സ് ആക്രമണ ഫുട്‌ബോളാണ് കാഴ്ചവെച്ചത്. ഒരു ഗോള്‍ അടിച്ചിട്ടും പ്രതിരോധത്തിലേക്ക് വലിയാന്‍ താരങ്ങള്‍ ശ്രമിച്ചില്ല.

എന്നാല്‍ കൊച്ചിയെ നിശബ്ദമാക്കിക്കൊണ്ട് 26-ാം മിനിറ്റില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. ദിമിത്രി പെട്രറ്റോസാണ് ടീമിനായി ഗോളടിച്ചത്. ആക്രമിച്ച് കളിച്ച ബ്ലാസ്‌റ്റേസിന്റെ പ്രതിരോധം ശിഥിലമായി കിടന്ന സമയത്താണ് മോഹന്‍ ബഗാന്‍ വെടിപൊട്ടിച്ചത്. സൂപ്പര്‍ താരം ഹ്യൂഗോ ബൗമസിന്റെ പാസില്‍ നിന്ന് പെട്രറ്റോസ് അനായാസം ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു.

33-ാം മിനിറ്റില്‍ ജീക്‌സണ്‍ സിങ്ങിന്റെ മികച്ച ഹെഡ്ഡറിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ലീഡെടുത്തുവെന്ന് തോന്നിച്ചെങ്കിലും താരത്തിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിലിടിച്ച് തെറിച്ചു. 36-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാസോയുടെ ഷോട്ട് ഗോള്‍കീപ്പര്‍ ഗില്‍ വിഫലമാക്കി.

38-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നെഞ്ചില്‍ തീകോരിയിട്ടുകൊണ്ട് മോഹന്‍ ബഗാന്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഗോള്‍ പിറന്നത്. മധ്യനിരതാരം ജോണി കൊക്കോയാണ് ടീമിനായി വലകുലുക്കിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ മന്‍വീര്‍ സിങ് സമര്‍ത്ഥമായി നല്‍കിയ പാസ് സ്വീകരിച്ച കൗക്കോ തകര്‍പ്പന്‍ ലോങ് റേഞ്ചറിലൂടെ മഞ്ഞപ്പടയുടെ വല കുലുക്കി. ആദ്യ പകുതിയുടെ അവസാനിക്കാനിരിക്കെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധതാരം ഖാബ്രയ്ക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ മോഹന്‍ ബഗാന്റെ ലിസ്റ്റണ്‍ കൊളാസോയ്ക്ക് മികച്ച അവസരം ലഭിച്ചു. ഗോള്‍കീപ്പര്‍ ഗില്ലിന്റെ തലയ്ക്ക് മുകളിലൂടെ ഗോളടിക്കാന്‍ ലിസ്റ്റണ്‍ ശ്രമിച്ചു. എന്നാല്‍ ഗില്‍ ഈ ശ്രമം വിഫലമാക്കി. മത്സരത്തിന്റെ 60-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചെന്ന് ഉറപ്പിച്ച നിമിഷം വന്നെത്തി. ജെസ്സെല്‍ കാര്‍നെയ്‌റോയുടെ ക്രോസ് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച മോഹന്‍ ബഗാന്റെ കൗകോയ്ക്ക് പിഴച്ചു. പന്ത് ക്രോസ് ബാറിലിടിച്ച് ഗ്രൗണ്ടില്‍ വീണു. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ അഡ്രിയാന്‍ ലൂണയ്ക്കും ദിമിത്രി ഡയമന്റക്കോസിനും സാധിച്ചില്ല.

ബ്ലാസ്റ്റേഴ്‌സ് ആക്രമിച്ച് കളിക്കുന്നതിനിടെ മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ മോഹന്‍ ബഗാന്‍ വീണ്ടും വലകുലുക്കി. 62-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസ് വീണ്ടും ഗോളടിച്ചു. മത്സരത്തിലെ താരത്തിന്റെ രണ്ടാം ഗോളാണിത്. പ്രതിരോധത്തിലെ പാളിച്ച കൃത്യമായി മനസ്സിലാക്കിയ ലിസ്റ്റണ്‍ കൊളാസോ അതിവിദഗ്ധമായി പന്ത് പെട്രറ്റോസിന് കൈമാറി. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യമേ താരത്തിനുണ്ടായിരുന്നുള്ളൂ. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമോഹങ്ങള്‍ക്ക് മേല്‍ കാര്‍മേഘം നിറഞ്ഞു.

78-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ നിഷു കുമാറിന്റെ ലോങ് റേഞ്ചര്‍ പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 81-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോള്‍ തിരിച്ചടിച്ചു. പകരക്കാരനായി വന്ന മലയാളി താരം കെ.പി.രാഹുലാണ് ടീമിനായി വലകുലുക്കിയത്. മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ വിശാല്‍ കെയ്തിന്റെ മണ്ടത്തരമാണ് ഗോളിന് വഴിവെച്ചത്. രാഹുലിന്റെ ദുര്‍ബലമായ ലോങ്‌റേഞ്ചര്‍ കൈയ്യിലൊതുക്കുന്നതില്‍ വിശാല്‍ പരാജയപ്പെട്ടു. പന്ത് താരത്തിന്റെ കൈയ്യില്‍ നിന്ന് വഴുതി പോസ്റ്റിലെത്തി. ഇതോടെ കൊച്ചി വീണ്ടും ആഘോഷത്തിമിര്‍പ്പിലേക്കുയര്‍ന്നു.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായില്ല. 89-ാം മിനിറ്റില്‍ ലെനി റോഡ്രിഗസ്സിലൂടെ മോഹന്‍ ബഗാന്‍ മത്സരത്തിലെ നാലാം ഗോള്‍ നേടി. മുഴുവന്‍ നിരയും ആക്രമണത്തിനായി നിരന്നപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാലിയായി. വീണ്ടും കൗണ്ടര്‍ അറ്റാക്കിലൂടെയാണ് മോഹന്‍ ബഗാന്‍ വലകുലുക്കിയത്.

തൊട്ടടുത്ത മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും അതേ പിഴവ് ആവര്‍ത്തിച്ചതോടെ മോഹന്‍ ബഗാന്‍ വീണ്ടും ഗോളടിച്ചു. ഇത്തവണ പെട്രാറ്റോസാണ് ഗോളടിച്ചത്. ഈ ഗോളോടെ താരം മത്സരത്തില്‍ ഹാട്രിക്ക് തികച്ചു. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി