കളിയും ചിരിയുമായി അവര്‍ ഒത്തുകൂടുന്നു; കുട്ടികളുടെ അവധിക്കാല മഹോത്സവത്തിനൊരുങ്ങി പൂക്കാട് കലാലയം


കൊയിലാണ്ടി: കുട്ടികളുടെ അവധിക്കാല മഹോത്സവത്തിനൊരുങ്ങി പൂക്കാട് കലാലയം. കളിആട്ടം മഹോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് മെയ് നാലിന് തുടക്കമാവും. കുട്ടികളുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന അനൗപചാരിക വിദ്യാഭ്യാസപരിപാടിയാണ് കളിആട്ടം. 1999 ല്‍ നാടകാചാര്യന്‍ പ്രൊഫസര്‍ എസ്. രാമാനുജം, കൊച്ചുനാരായമണപ്പിള്ള എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളുടെ നാടകപരിശീലന ക്യാമ്പോടെ ആരംഭിച്ച പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്റര്‍ കുട്ടികളുടെ നാടകരംഗത്ത് മൂല്യവത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

അറിവിന്റെ ലോകം മാത്രമല്ല മാനവീയതയുടെ ഒരു വലിയ ലോകം സാക്ഷാത്കരിക്കാന്‍ ഉതകുന്ന ആറുദിവസം നീണ്ടുനില്‍ക്കുന്നതാണ് കളിആട്ടം. നാടകപഠനത്തോടൊപ്പം ഭാഷ, ചരിത്രം, ചിത്രരചന, സംഗീതം, താളം, വ്യായാമം, തിയറ്റര്‍ തുടങ്ങിയവയില്‍ ചിട്ടയായ പരിശീലനവും നല്‍കും.

പൂക്കാട് കലാലയം സംഘടിപ്പിക്കുന്ന ഒമ്പതാമത് കളിആട്ടമാണ് ഇത്തവണ നടക്കുന്നത്. മെയ് നാലിന് ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ ബീനാഫിലിപ്പ് നിര്‍വഹിക്കും. അഞ്ചുദിവസം നിണ്ടുനില്‍ക്കുന്ന തിയേറ്റര്‍ഫെസ്റ്റിവെല്ലിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഷീജാശശി നിര്‍വഹിക്കും. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന പരിശീലന പരിപാടികള്‍ വൈകീട്ട് നടക്കുന്ന തിയേറ്റര്‍ ഫെസ്റ്റിവലോടെ സമാപിക്കും.

തിയേറ്റര്‍ ഫെസ്റ്റിവലില്‍ തൃശ്ശൂര്‍ തിയറ്റര്‍ റിപ്പബ്ലിക്ക് അവതരിപ്പിക്കുന്ന എലിക്കെണി നാടകം, പ്രഭാകരന്‍ പുന്നശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍ തുള്ളല്‍, ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കഥകളി, കുമാരി നന്ദിനി ശിവദാസ് അവതരിപ്പിക്കുന്ന തായമ്പക, ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ കലാജീവിതവഴികളിലെ അനശ്വരമുഹൂര്‍ത്തങ്ങള്‍ കേര്‍ത്തിണക്കി കലാലയം നൃത്തവിഭാഗം അവതരിപ്പിക്കുന്ന ഗുരുപഥം നൃത്തസംഗീതിക, കലാലയം ചില്‍ഡ്രന്‍സ് തിയറ്റര്‍ അവതരിപ്പിക്കുന്ന നാടകം മാര്‍ഗയി, കാവ്യനാടകം കാവ്യകൈരളി എന്നിവ അവതരിപ്പിക്കും. എല്ലാ ദിവസവും വൈകീട് 6.30ന് കുട്ടികള്‍ക്കായി ഷോര്‍ട്ട് ഫിലിംമേള നടക്കും.

കളിആട്ടം ക്യാമ്പില്‍ കേരളത്തിലെ പ്രഗത്ഭരും പ്രശസ്തരുമായ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കും. രക്ഷിതാക്കള്‍ക്കായി ഡോ. കെ.പി. അരവിന്ദന്റെ ആരോഗ്യബോധവല്‍ക്കരണക്ലാസ്സ് നടക്കും. മെയ് 7 ശനിയാഴ്ച ക്യാമ്പംഗങ്ങള്‍ സംഘങ്ങളായി തിരിഞ്ഞ് ഗ്രാമത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സൗഹൃദക്കൂട്ടായ്മകളൊരുക്കുന്ന നാട്ടുകളിപ്പന്തലില്‍ ഒത്തുചേര്‍ന്ന് പരിപാടികളവതരിപ്പിക്കും. മെയ് 8 ന് ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാസമര സ്മാരകത്തില്‍ നിന്ന് ആരംഭിച്ച് കാപ്പാട് കടപ്പുറത്തേക്ക് ക്യാമ്പംഗങ്ങളും കലാലയം പ്രവര്‍ത്തകരും സ്വാതന്ത്ര്യസമരസ്മരണകളുണര്‍ത്തിക്കൊണ്ട് -ചരിത്രവഴികളിലൂടെ നാടകയാത്ര നടത്തും. ചരിത്രപ്രസിദ്ധമായ ഉപ്പുകുറുക്കല്‍ സമരത്തിന്റെ നാടകചിത്രം ആവിഷ്‌ക്കരിക്കും.

സമാപനദിവസമായ മെയ് 9 ന് ക്യാമ്പിലൂടെ കുട്ടികള്‍ തയ്യാറാക്കുന്ന 10 നാടകങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം എം.എല്‍.എ. കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. പ്രശസ്ത നാടകസംവിധായകന്‍ മനോജ് നാരായണനാണ് ക്യാമ്പ് ഡയരക്ടര്‍, എ.അബൂബക്കറാണ് ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍. കളിആട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ബാബു പറശ്ശേരി ചെയര്‍മാനും കെ.ശ്രീനിവാസന്‍ ജനറല്‍ കണ്‍വ്വീനറുമായ സ്വാഗതസംഘമാണ്.

സി.വി. ബാലകൃഷ്ണന്‍, സുനില്‍ തിരുവങ്ങൂര്‍, ശിവദാസ് കാരോളി, വിജയരാഘവന്‍ ചേലിയ, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

[bot1]