കെ.വിദ്യയെ കണ്ടെത്തിയത് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍; പിടികൂടിയത് ആവള കുട്ടോത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങവെ
മേപ്പയ്യൂര്‍: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യയെ പൊലീസ് പിടികൂടിയത് മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവില്‍. അഗളി പൊലീസാണ് ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് വിദ്യ ഒളിവില്‍ കഴിഞ്ഞ സ്ഥലത്ത് എത്തിയത്. സുഹൃത്തിന്റെ വീട്ടിലാണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്നത്.
മേപ്പയ്യൂരിന് സമീപമുള്ള ആവള കുട്ടോത്തെ മിനി ബസ് സ്‌റ്റോപ്പിന് പരിസരത്ത് വച്ചാണ് വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത്. ആവള കുട്ടോത്ത് മിനി ബസ് സ്‌റ്റോപ്പിന് സമീപം തന്നെയാണ് വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്ന സുഹൃത്തിന്റെ വീട്. ഇവിടെ നിന്ന് മടങ്ങവെയാണ് വിദ്യ പിടിയിലാവുന്നത്.
കേസെടുത്ത് പതിനഞ്ചാമത്തെ ദിവസമാണ് വിദ്യ പിടിയിലാവുന്നത്. വനിതാ പൊലീസ് ഉള്‍പ്പെടെ എത്തിയാണ് വിദ്യയെ പിടികൂടുന്നത്. പുലര്‍ച്ചെയോടെ വിദ്യയെ അഗളി ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിക്കും. പ്രതിയെ നാളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച സംഭവത്തില്‍ അഗളി പൊലീസും നീലേശ്വരം പൊലീസും വിദ്യയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ട് കേസിലും വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ജാമ്യ ഹര്‍ജി ജൂണ്‍ 24 ന് കോടതി പരിഗണിക്കാനിരിക്കെയാണ് വിദ്യ പിടിയിലാവുന്നത്.
Breaking News: വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ.വിദ്യ മേപ്പയ്യൂരിൽ നിന്ന് പൊലീസ് പിടിയിൽ
ജാമ്യം നിഷേധിക്കാനുള്ള കുറ്റം ചെയ്തിട്ടില്ലെന്നും അവിവാഹിതയാണെന്നും ആ പരിഗണന നല്‍കണമെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. ആരേയും കബളിപ്പിച്ചിട്ടില്ലെന്നും വിദ്യ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. കരിന്തളം ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നല്‍കിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വര്‍ഷം വിദ്യ കരിന്തളം കോളേജില്‍ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.