പകല്‍പ്പന്തവുമായി ജനകീയ കര്‍മ്മ സമിതി; അരിക്കുളത്ത് മാലിന്യസംഭരണ കേന്ദ്രത്തിനെതിരെ വിട്ടു വീഴ്ചയില്ലാത്ത സമര പോരാട്ടത്തിലേക്ക് പ്രദേശവാസികള്‍


Advertisement

അരിക്കുളം: അരിക്കുളത്ത് കനാല്‍ പുറമ്പോക്ക് ഭൂമിയില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പകല്‍ പന്തം തെളിയിക്കല്‍ സമരം നടന്നു. കവിയും പരിസ്ഥിതി പ്രവര്‍ത്തകനും പ്രഭാഷകനുമായ വീരാന്‍കുട്ടി ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗം എം. ഗോപാലന്‍ നായര്‍ക്ക് പന്തം കൈമാറി ഉദ്ഘാടനം ചെയ്തു.

Advertisement

കണ്ണിലും മനസ്സിലും ഇരുട്ടു കയറിയ അധികാരികളെ വെളിച്ചം കാണിക്കാനുള്ള ഉത്തമ മാര്‍ഗ്ഗമാണ് പകല്‍ പന്തം തെളിയിക്കല്‍ പോലുള്ള സമരപരിപാടികള്‍. പഞ്ചായത്ത് രാജ് സംവിധാനത്തെ ഇരുട്ടില്‍ നിര്‍ത്തി ഗ്രാമ സഭാ തീരുമാനത്തെ അട്ടിമറിക്കുന്ന പ്രാദേശിക ഭരണകൂടത്തിന്റെ നീക്കം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ടെന്നും, പൊതു ഇടം നഷ്ടപ്പെടുത്തി അവിടെ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ മുഴുവന്‍ പ്രദേശവാസികളും രംഗത്തിറങ്ങണമെന്നുംകവി വീരാന്‍ കുട്ടി പറഞ്ഞു.

Advertisement

അരിക്കുളം പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം വര്‍ഷങ്ങളായി പൊതു പരിപാടികള്‍ക്കും, കലാകായിക വിനോദങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തു കൂടുന്ന കനാല്‍ പുറമ്പോക്കില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെയാണ് പ്രദേശവാസികള്‍ വ്യത്യസ്തമായ സമരം നടത്തിയത്. പി.കെ. അന്‍സാരി അധ്യക്ഷത വഹിച്ചു.

Advertisement

ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ ശ്യാമള എടപ്പള്ളി,ബിന്ദു പറമ്പടി, മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം. സുഹൈല്‍, സതീദേവി പള്ളിക്കല്‍, രാധാകൃഷ്ണന്‍ എടവന, പി. കുട്ടിക്കൃഷ്ണന്‍ നായര്‍, കര്‍മ സമിതി കണ്‍വീനര്‍ സി.രാഘവന്‍, ചെയര്‍മാന്‍ രാമചന്ദ്രന്‍ നീലാംബരി, എന്നിവര്‍ സംസാരിച്ചു.