ചെങ്ങോട്ടുകാവ് ചേലിയയിലെ വോട്ടറാണോ? ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത്


കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ അടക്കം സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ വന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ഏപ്രില്‍ അഞ്ചിന് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അന്തിമപട്ടിക 29ന് പ്രസിദ്ധീകരിക്കും.

പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതിയോ സ്ഥാനമാറ്റമോ വരുത്തുന്നതിനും അപേക്ഷകള്‍ http://www.lsgelection.kerala.gov.in സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ആക്ഷേപങ്ങള്‍ ഫാറം 5 ല്‍ നേരിട്ടോ തപാലിലൂടെയോ ബന്ധപ്പെട്ട ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടറാണ് അപ്പീല്‍ അധികാരി. ഉത്തരവ് തീയതി മുതല്‍ 15 ദിവസമാണ് അപ്പീല്‍ കാലയളവ്.

കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. കമ്മീഷന്റെ http://www.lsgelection.kerala.gov.in സൈറ്റിലും ലഭ്യമാണ്.

തിരുവനന്തപുരം, കണ്ണൂര്‍ കോര്‍പ്പറേഷനുകളിലെ ഒരോ വാര്‍ഡിലും ചേര്‍ത്തല, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ഓരോ വാര്‍ഡിലും 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്ന വാര്‍ഡുകള്‍ – ജില്ലാ , തദ്ദേശസ്ഥാപനം, വാര്‍ഡു നമ്പരും പേരും ക്രമത്തില്‍:

കോഴിക്കോട് – ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ 07-ചേലിയ ടൗണ്‍,

പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 05-കണലാട്,

വേളം ഗ്രാമപഞ്ചായത്തിലെ 11-കുറിച്ചകം.