ഇരുവഴിഞ്ഞിപ്പുഴയിൽ അപ്രതീക്ഷിതമായി മഴവെള്ളപ്പാച്ചിലിൽ, പാറക്കെട്ടിൽ അഭയം തേടി യുവാക്കൾ; രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ കാണാം


കോഴിക്കോട്: ഇരുവഞ്ഞിപ്പുഴയിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ അകപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്തി. ഹോംഗാർഡും മിനാർ പവർ ഹൗസിലെ ജീവനക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മലപ്പുറം താനൂർ സ്വദേശികളായ രണ്ട് യുവാക്കളാണു മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്.

നാരങ്ങാത്തോട് പതങ്കയത്ത് പുഴയില്‍ കുളിക്കുകയായിരുന്ന യുവാക്കള്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെടുകയായിരുന്നു. തുടര്‍ന്ന് പാറയ്ക്കു മുകളില്‍ കയറിനിൽക്കുകയായിരുന്നു. പാറയില്‍ കയറിനിന്ന ഇവരെ കയറിട്ടുകൊടുത്താണ് രക്ഷപ്പെടുത്തിയത്. വനത്തിനകത്ത് വലിയ തോതില്‍ മഴ പെയ്തതോടെയാണ് വെള്ളം കുത്തിയൊഴുകിയത്.

നിരവധി അപകട മരണങ്ങളുണ്ടായിട്ടുള്ള സ്ഥലമാണ് പതങ്കയം. ഇവിടെ കുളിക്കാന്‍ വരുന്നതിനെതിരേ പോലീസും നാട്ടുകാരും പലതവണ താക്കീതു ചെയ്തതാണ്. ഇവിടേക്കുള്ള പ്രവേശനവും നിരോധിച്ചിട്ടുണ്ട്.