ഊണിന് 95 രൂപ, പഴംപൊരി വില പതിമൂന്നില്‍ നിന്ന് 20 ആക്കി; റെയില്‍വേ സ്റ്റേഷനില്‍ ആഹാര സാധനങ്ങള്‍ക്ക് ഇനി പൊള്ളുംവില


തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണം കഴിക്കാന്‍ ഇനി ചെലവ് കൂടും. ഊണുള്‍പ്പെടെ ആഹാര സാധനങ്ങള്‍ക്ക് വില കുത്തനെ ഉയര്‍ത്തി. 95 രൂപയാണ് ഇനി മുതല്‍ ഊണിന് നല്‍കേണ്ടിവരിക. നേരത്തെ ഇത് 55 രൂപയായിരുന്നു.

ഭക്ഷണത്തിന്റെ പുതുക്കിയ വില 24ാം തിയ്യതി മുതലാണ് പ്രാബല്യത്തില്‍ വന്നതെന്ന് റെയില്‍വേ പാലക്കാട് ഡിവിഷന്‍ പിആര്‍ഒ പറഞ്ഞു. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയാണ് പുതുക്കിയ വില.

എണ്ണപലഹാരങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. പഴം പൊരിയ്ക്ക് 20 രൂപയാണ് പുതുക്കിയ വില. നേരത്തെ, പഴം പൊരിക്ക് 13 രൂപയായിരുന്നു. ഊണിന് 55ഉം. ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്റ് ടൂറിസം കോര്‍പ്പറേഷനാണ് വില വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.

മുട്ടക്കറി 32ല്‍ നിന്ന് 50 രൂപയായി ഉയര്‍ന്നു. കടലക്കറി 28 രൂപയില്‍ നിന്ന് 40ലേക്കും ചിക്കന്‍ബിരിയാണിക്ക് 100 രൂപയുമായി. പരിപ്പുവട, ഉഴുന്നുവട, സമോസ എന്നിവ സെറ്റിന് 17 ആയിരുന്നത് 25ലേക്ക് കുതിച്ചു. മുട്ട ബിരിയാണിക്ക് 80ഉം വെജിറ്റബിള്‍ ബിരിയാണിക്ക് 70 ഉം നല്‍കണം.