കോടഞ്ചേരിയില്‍ ഭാര്യയെയും അമ്മയെയും മധ്യവയസ്‌കന്‍ വെട്ടി പരിക്കേല്‍പ്പിച്ചു; അമ്മയുടെ കൈവിരല്‍ വേര്‍പെട്ടു


താമരശ്ശേരി: കോടഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും ഭാര്യയുടെ അമ്മയെയും വെട്ടി പരിക്കേല്‍പ്പിച്ചു. കോടഞ്ചേരി പാറമലയില്‍ പാലാട്ടില്‍ ബിന്ദു (46), ബിന്ദുവിന്റെ അമ്മ ഉണ്ണിയാത (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബു (52) ആണ് ഇവരെ വെട്ടിയത്.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്ക് രൂക്ഷമായതിനെ തുടര്‍ന്ന് അക്രമത്തില്‍ കലാശിക്കുകയായിരുന്നു. വെട്ടേറ്റതിനെ തുടര്‍ന്ന് ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. അക്രമത്തിന് ശേഷം ഷിബു ഒളിവില്‍ പോയി.

ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കും വെട്ടേറ്റു. പരിക്ക് ഗുരുതരമായതിനാല്‍ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വര്‍ഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു.