കുടുംബത്തിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കാനായി ബന്ധപ്പെടുക എന്ന് ഫേസ്ബുക്ക് പോസ്റ്റ് വഴി നടത്തിയത് നരബലിയിലേക്ക്; തിരുവല്ലയിൽ സ്ത്രീകളെ കൊന്നത് കഴുത്തറുത്ത്; മൃതദേഹം കഷ്ണങ്ങളാക്കി പലസ്ഥലത്തു കുഴിച്ചിട്ടു


തിരുവല്ല: കേരളത്തെ ഞെട്ടിച്ച് തിരുവല്ലയിൽ നടന്ന നരബലിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈദ്യരായ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി ആണ് എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കിയത്. പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്. മൂന്നു പേർ അറസ്റ്റിൽ.

കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയെ കാണാനില്ല എന്ന പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ മാസം 26നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്. തന്നെ സ്ഥിരമായി വിളിക്കുന്ന ‘അമ്മ വിളിച്ചില്ല എന്ന മകന്റെ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. കാലടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ജൂണിലാണ് റോസ്‌ലിനെ കാണാതായത്.

തിരുവല്ല ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവന്ത്, ഭാര്യ ലീല എന്നിവർക്ക് വേണ്ടി പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് സ്ത്രീകളെ എറണാകുളത്ത് നിന്ന് തിരുവല്ലയിലേക്ക് എത്തിക്കുകയായിരുന്നു. ഇവരെ മൂവരെയും പോലീസ് അറസ്റ്റ് ചെയ്തു. നരബലി നടന്നത് പത്തനംതിട്ട ജില്ലയിലെ ആറന്‍മുള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. അതിനാല്‍ മൂന്ന് ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നുള്ള സംയുക്ത അന്വേഷണമായിരിക്കും നടക്കുകയെന്ന് ദക്ഷിണമേഖല ഐജി പി പ്രകാശ് പറഞ്ഞു.

കാണാതായ സ്ത്രീയുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസ് തിരുവല്ലയിലെത്തുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ പെരുമ്പാവൂർ സ്വദേശിയും പിന്നാലെ തിരുവല്ലക്കാരായ ദമ്പതികളും പൊലീസ് പിടിയിലാവുകയായിരുന്നു

കൊല്ലപ്പെട്ട രണ്ടുപേരും ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളാണ് എന്നാണ് സംശയം. ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് ഭഗവന്ത്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കടവന്ത്ര സ്വദേശി കൊല്ലപ്പെട്ടതായി വ്യക്തമായതിന് പിന്നാലെയാണ് കാലടി സ്വദേശിയായ സ്ത്രീയും കൊല്ലപ്പെട്ടെന്ന് കണ്ടെത്തിയത്. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. എന്നാൽ വൈദ്യരെ പറ്റി ഇത്രയും നാൾ സംശയാസ്പദമായ നിലയിൽ യാതൊരു വിധ കാര്യങ്ങളും ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി. തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ തന്നെ ഫെയ്സ്ബുക്ക് വഴി വൈദ്യരെ പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്.

അന്ധവിശ്വാസത്തിന്റെ ഭാഗമായി നടന്നതാണ് കൊലപാതകങ്ങൾ എന്ന് പ്രതികൾ മൊഴിനൽകിയതായി പോലീസ് വ്യക്തമാക്കി. പോലീസിന്റെ ജാഗ്രതയോടെയുള്ള അന്വേഷണത്തിലാണ്, ഒരു മിസ്സിംഗ് കേസിൽ നിന്ന് ഇരട്ടക്കൊലപാതകം നടന്നതായുള്ള കണ്ടെത്തലിൽ എത്തിയത്.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിട്ടുള്ളത്. രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂ.

സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രവണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം.

ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.