ചരിത്രകാരന്‍ ഡോ.എം.ജി.എസ് നാരായണന്‍ അന്തരിച്ചു


Advertisement

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. എം.ജി.എസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കുറച്ചുനാളുകളായി കോഴിക്കോട്ടെ മലാപ്പറമ്പിലുള്ള വസതിയായ മൈത്രിയില്‍ വിശ്രമജീവിതം നയിക്കവെ ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. നിരവധി ചരിത്ര പഠന ഗ്രന്ഥങ്ങളുടെ രചയിതാവും ചരിത്ര ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിതനുമാണ്. എം.ജി.എസ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മുന്‍ അധ്യക്ഷന്‍ കൂടിയായിരുന്നു.

1932 ഓഗസ്റ്റ് ഇരുപതിന് മലപ്പുറം ജില്ലയിലെ പൊന്നാനയിലാണ് ജനനം. മുറ്റായില്‍ നാരായണി അമ്മയും ഡോ. പി.കെ ഗോവിന്ദമേനോനുമാണ് മാതാപിതാക്കള്‍. പരപ്പനങ്ങാടിയിലും പൊന്നാനി എ.വി സ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കിയശേഷം കോഴിക്കോട് സാമൂതിരി (ഗുരുവായൂരപ്പന്‍) കോളേജിലും ഫാറൂഖ് കോളേജിലും തൃശൂര്‍ കേരളവര്‍മ കോളേജിലും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലും ഉന്നതബിരുദ-ബിരുദാനന്തര പഠനങ്ങള്‍ പൂര്‍ത്തിയാക്കി. ഒന്നാം റാങ്കോടെ ചരിത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ യുജിസി ഫെലോഷിപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ ചരിത്രഗവേഷണം ആരംഭിച്ചു.

Advertisement

പഴയലിപികളും ഭാഷകളിലും എം.ജി.എസ് പ്രാവീണ്യം നേടുന്നത് പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ സഹായത്തിലാണ്. പുരാലേഖ്യങ്ങളും തമിഴ്-സംസ്‌കൃത ഗ്രന്ഥങ്ങളും പുരാവസ്തു പഠനങ്ങളും ആധാരമാക്കി എ.ഡി ഒമ്പതു മുതല്‍ പന്ത്രണ്ടുവരെയുള്ള നൂറ്റാണ്ടുകളില്‍ കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തെ അധികരിച്ച് തയ്യാറാക്കിയ Perumals of Kerala എന്ന ഗവേഷണപ്രബന്ധത്തിന് പിഎച്ഡി ലഭിച്ചു. പൗരാണിക ലിപികളായ ബ്രാഹ്‌മി, വട്ടെഴുത്ത്, ഗ്രന്ഥ എന്നിവയെക്കുറിച്ച് വിശദമായ പഠനം നടത്തി. ക്ലാസിക്കല്‍ സംസ്‌കൃതത്തിലും പൗരാണിക തെക്കേ ഇന്ത്യന്‍ ലിപികളിലും അവഗാഹം നേടി.

ഡോക്ടറേറ്റ് ലഭിച്ചതിനുശേഷം കേരള സര്‍വകലാശാലയുടെ കോഴിക്കോട് പഠനകേന്ദ്രത്തില്‍ ചരിത്രവിഭാഗം അധ്യാപകനായി ജോലിയില്‍ പ്രവേശിച്ച എംജിഎസ് പിന്നീട് പഠനകേന്ദ്രം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായപ്പോള്‍ ചരിത്രവിഭാഗം അധ്യക്ഷനായി. പ്രൊഫസര്‍, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഫാക്കല്‍റ്റി ഡീന്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1990 മുതല്‍ 92വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു.

Advertisement

കാല്‍നൂറ്റാണ്ടോളം ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യു എന്നിവയുടെ പത്രാധിപസമിതി അംഗമായി. എന്‍സിഇആര്‍ടി പാഠപുസ്തക സമിതി, യുജിസി ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പാനല്‍, യുപിഎസ്സി പരിശോധനാ സമിതി എന്നിവയില്‍ അംഗം.

ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സാഹിത്യാപരാധങ്ങള്‍, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, കേരളത്തിന്റെ സമകാലിക വ്യഥകള്‍ എന്നിവയാണ് പ്രധാന മലയാള ഗ്രന്ഥങ്ങള്‍. പെരുമാള്‍സ് ഓഫ് കേരള, ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് ഇന്‍ കേരള, കേരള ത്രൂ ദി ഏജസ്, ഫൗണ്ടേഷന്‍ ഓഫ് സൗത്ത് ഇന്ത്യന്‍ സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍, കാലിക്കറ്റ്: ദി സിറ്റി ഓഫ് ട്രൂത്ത് എന്നീ ചരിത്രഗ്രന്ഥങ്ങളും രചിച്ചു. കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാര്‍, കര്‍ഷക കലാപങ്ങള്‍, സാമുദായിക ബന്ധങ്ങള്‍, മലബാറിന്റെ പൗരാണിക മധ്യകാല ചരിത്രം എന്നിവ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും തയ്യറാക്കി.

Advertisement

ഭാര്യ: പ്രേമലത.മക്കള്‍:എന്‍.വിജയകുമാര്‍ (സ്‌ക്വാഡ്രന്‍ ലീഡര്‍, ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്), എന്‍. വിനയ (ഡാന്‍സര്‍, ബെംഗളുരു). മരുമക്കള്‍: ദുര്‍ഗ വിജയകുമാര്‍ (യു.എസ്.എ), മനോജ് (സോഫ്റ്റ്?വെയര്‍ എന്‍ജിനീയര്‍ ബെംഗളുരു), സഹോദരങ്ങള്‍: പരേതരായ ദേവയാനി ഗോപിനാഥ്, ജയമണി പണിക്കര്‍.