ഹോട്ടല്‍ മേഖലയ്ക്ക് പൊള്ളും; പാചകവാതക വില വീണ്ടും കൂട്ടി, 102 രൂപയുടെ വര്‍ധനവ്‌


തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില 102 രൂപ വര്‍ധിച്ചു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്. വിലവര്‍ധനവോടെ പുതുക്കിയ വില 1842 രൂപയായി.

വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല. സാധാരണ എണ്ണകമ്പനികള്‍ ഒന്നാം തീയതി വില പുതുക്കി നിശ്ചയിക്കാറുണ്ട്. കഴിഞ്ഞ കുറെ ദിവസമായി രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉള്‍പ്പെടെ ഉയരുന്ന സാഹചര്യമുണ്ട്.

കഴിഞ്ഞ മാസവും വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞമാസം 19 കിലോയുടെ വാണിജ്യ. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ വീണ്ടും 100രൂപയിലധികം വര്‍ധിപ്പിച്ചിരിക്കുന്നത്.. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് രണ്ടുമാസത്തിനിടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.