വയോജനങ്ങള്‍ക്ക് താമസസ്ഥലത്ത് ഒത്തുകൂടാനും ഒറ്റപ്പെടല്‍ ഒഴിവാക്കാനും പദ്ധതി; വാര്‍ഡ് തല വയോക്ലബ് അംഗങ്ങള്‍ക്ക് ശില്പശാല സംഘടിപ്പിച്ച് കൊയിലാണ്ടി നഗരസഭ



കൊയിലാണ്ടി: നഗരസഭയുടെ നടപ്പ് വാര്‍ഷിക പദ്ധതിയില്‍ വാര്‍ഡ് തല വയോക്ലബ് അംഗങ്ങള്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന ശില്പശാല കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭാ പരിധിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് താമസ സ്ഥലത്ത് തന്നെ ഒത്തുകൂടാനും ഒന്നിച്ചിരിക്കാനും അതുവഴി ഒറ്റപ്പെടല്‍ ഒഴിവാക്കി മികച്ച മാനസികാവസ്ഥ ഉണ്ടാക്കുവാനുമുള്ള പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ച് നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും വയോക്ലബ്ബുകള്‍ രൂപീകരിക്കുകയും ഓരോ ക്ലബ്ബില്‍ നിന്നും 10 അംഗങ്ങളെ വീതം തെരെഞ്ഞെടുത്ത് അവരെ ഉള്‍പ്പെടുത്തിയാണ് ശില്പശാല നടത്തിയത്. ശില്പശാലയില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ഷിജു പദ്ധതി വിശദീകരണം നടത്തി. ഉപാധ്യക്ഷന്‍ കെ.സത്യന്‍ സ്വാഗതം പറഞ്ഞ ശില്പശാല
യില്‍ കെ.ടി.രാധാകൃഷ്ണന്‍, എ.സുധാകരന്‍, ശശി കോട്ടില്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു.

സ്ഥിരംസമിതി അധ്യക്ഷരായ ഇ.കെ.അജിത്, കെ.എ.ഇന്ദിര, സി.പ്രജില, കൗണ്‍സിലര്‍മാരായ പി.രത്‌നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, സെക്രട്ടറി ഇന്ദു എസ് ശങ്കരി ഐ.സി.ഡി.എസ്.സൂപ്പര്‍വൈസര്‍മാരായ എം.ഗീത, സബിത എന്നിവര്‍ സംസാരിച്ചു.