കാലൻ കുട മുതൽ ത്രീ ഫോൾഡ് വരെയുണ്ട്; അതിജീവനത്തിന്റെ വർണ്ണക്കുടകൾ നിവർത്തി പെരുവട്ടൂരിലെ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ


കൊയിലാണ്ടി: മഴക്കാലമെത്തുമ്പോൾ നാം ആദ്യം ഓർക്കുന്നത് കുടയെ കുറിച്ചല്ലേ. അതെ, അവരും ഓർത്തത് കുടയെ കുറിച്ചാണ്. പക്ഷേ, അത് സ്വയം ഉപയോഗിക്കാനല്ല, മറിച്ച് മറ്റുള്ളവർക്കുകൂടി ചൂടാനാണ്. ആ തണലിൽ അവർക്കുകൂടി കയറിനിൽക്കാനാണ്. കുട നിർമാണത്തിലൂടെ ജിവിതത്തിൽ പുതിയ അധ്യായം എഴുത്തിച്ചേർക്കുകയാണ് കൊയിലാണ്ടി നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന പെരുവട്ടൂരിലെ സൗഹൃദ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ.‌

സെന്ററിന് കീഴിലുള്ള ഭിന്നശേഷി വിദ്യാർത്ഥികളാണ് കുടനിർമ്മാണ രം​ഗത്തുള്ളത്. നേരത്തെ കുട നിർമ്മാണത്തിൽ കിട്ടിയ പരിശീലനവും ഒരു ട്രെയിനറുടെ സഹായവുമുണ്ടിവർക്ക്. വ്യത്യസ്ത നിറങ്ങളിലും ഡിസെെനുകളിലുമായി മുന്നൂറിലധികം കുടകൾ നിർമ്മിക്കുന്ന തിരക്കിലാണിപ്പോൾ അവർ. 70 എണ്ണത്തിന്റെ നിർമ്മാണം ഇതിനോടകം പൂർത്തിയായി. വിദ്യാർത്ഥികൾക്കൊപ്പം സഹായത്തിനായി രക്ഷിതാക്കളുമുണ്ട്.

ത്രീ ഫോൾഡ്, നഴ്സറി കുടകൾ, കാലൻകുടകൾ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള കുടകളാണ് ഇവർ നിർമ്മിക്കുന്നത്. സാധാരണ കുടയ്ക്ക് 350 രൂപയാണ് വില. കുട്ടികളുടെ കുടയ്ക്ക് അതിലും കുറയും. കുടയുടെ രൂപത്തിൽ തങ്ങളുടെ കഴിവിനെ ഉപയോ​ഗപ്പെടുത്തുമ്പോൾ ഒരു ഉപജീവനമാർ​ഗം കൂടെയാണ് ഇവർക്ക് മുന്നിൽ തെളിയുന്നത്. 

നിലവിൽ ബഡ്സ് സ്കൂളിലെ പത്ത് പേരാണ് കുട നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്നത്. ഇനിയും ആളുകൾ മുന്നോട്ട് വരുമെന്ന് സ്കൂളിലെ അധ്യാപകൻ സുരേഷ് കുമാർ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കൊയിലാണ്ടി ന​ഗരസഭയുടെ സഹായത്തോടെ ചന്തകളിലും സ്കൂളുകളുടെയും മറ്റും സഹകരണത്തോടെ കുട വിൽപ്പന നടത്താനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിക്ക് മുന്നേ ഐസിഡിഎസിന്റെ നേതൃത്വത്തിൽ കുട നിർമ്മാണം നടത്തിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാഴവസ്തുക്കൾ കൊണ്ട് വിളക്ക്, തൂക്ക് വിളക്ക് എന്നിവ വിദ്യാർത്ഥികൾ നിർമ്മിക്കുന്നുണ്ട്. കൂടാതെ ഓർഡർ അനുസരിച്ച് അതിഥികൾക്ക് നൽകാനായി പേപ്പർ ബൊക്കകളും ഇവർ നിർമ്മിച്ചു നൽകുന്നുണ്ട്. ജില്ലാ മിഷൻ ബഡ്സ് സ്കൂളിനായി അനുവദിക്കപ്പെട്ട തുക ഉപയോ​ഗിച്ചാണ് വിവിധ തരത്തിലുള്ള തൊഴിൽ പരിശീലനങ്ങൾ ഇവിടെ നടത്തി വരുന്നത്.

കുടകൾ വാങ്ങാൻ ബന്ധപ്പെടാം: 9496342895, 8593 834947