അടിയന്തരാവസ്ഥക്കാലത്തും മത്സ്യത്തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ച കരുത്തുറ്റ നേതാവ്; അന്തരിച്ച മുക്രിക്കണ്ടി വളപ്പില്‍ വിജയന്റെ ശരീരം സ്വന്തം ആഗ്രഹപ്രകാരം ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പഠിക്കും


കൊയിലാണ്ടി: കടലോരത്തെ മത്സ്യത്തൊഴിലാളിയായ മുക്രിക്കണ്ടി വളപ്പില്‍ വിജയന്‍ (76) ന്റെ ശരീരം ഇനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ പഠിക്കും. കൊയിലാണ്ടിയിലെ തീരദേശ മേഖലയില്‍ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കാനും സിപിഐ എം കെട്ടിപ്പടുക്കാനും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗത്തിന് വിട്ടുനല്‍കിയത്.

അടിയന്തരാവസ്ഥ കാലത്ത് കൊയിലാണ്ടി കടലോരത്ത് ആദ്യമായി സിപിഐ എം ബ്രാഞ്ച് രൂപീകരിച്ചപ്പോള്‍ അതില്‍ അംഗമായിരുന്നു വിജയന്‍. കടംതിരിച്ചടയ്ക്കാനാകാത്ത തൊഴിലാളിക്ക് മറ്റു വഞ്ചികളില്‍ തൊഴിലെടുക്കാന്‍ പാടില്ലെന്ന അലിഖിത നിയമത്തെ ചോദ്യം ചെയ്യാന്‍ മത്സ്യത്തൊഴിലാളി യൂണിയന്‍ സിഐടിയു തയ്യാറായപ്പോള്‍ അതില്‍ മുന്‍ നിരപ്പോരാളിയായി അദ്ദേഹമുണ്ടായിരുന്നു.

ആദ്യത്തെ വഞ്ചി പ്രസ്ഥാനം രൂപീകരിക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ നടക്കുന്ന മെയ്ദിന റാലിയില്‍ കടലോര ത്തുനിന്നുള്ള ജാഥ വന്‍ വിജയമാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ഏറെ വലുതായിരുന്നു.

ഭാര്യ: ശകുന്തള. മക്കള്‍: വിജേഷ്, ഉമ, സിന്ധു, അമ്പിളി. അച്ഛന്‍: പരേതനായ കേശു. അമ്മ: പരേതയായ കാര്‍ത്ത്യായനി. മാതാപിതാക്കള്‍ പ്രശസ്തരായ നാടന്‍ വിഷ ചികിത്സകരായിരുന്നു.