‘ആഹ്ലാദപ്രകടനങ്ങള്‍ അതിരുകടക്കരുത്, രാത്രിയില്‍ ആഘോഷ പ്രകടനങ്ങള്‍ വേണ്ട; വോട്ടെണ്ണല്‍ ദിനത്തില്‍ ജില്ലയില്‍ ക്രമസമാധാനം പാലിക്കണമെന്ന് കര്‍ശന നിര്‍ദേശവുമായി ജില്ലാകളക്ടര്‍


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ വിജയാഘോഷപ്രകടനങ്ങള്‍ അതിരുകടക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി ജില്ലാകളക്ടര്‍. ജൂണ്‍ നാലിന് വിജയാഹ്ലാദ പ്രകടനങ്ങള്‍ അതിരുവിടരുതെന്നും ഇതുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശം രാഷ്ട്രീയ പാര്‍ട്ടികള്‍ താഴേത്തട്ടിലേക്ക് നല്‍കണമെന്നും ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പറഞ്ഞു.

ആഹ്ലാദ പ്രകടനങ്ങള്‍ ഒരു കാരണവശാലും രാത്രിയിലേക്ക് നീളുന്ന സാഹചര്യമുണ്ടാവാന്‍ പാടില്ലെന്നും ആഘോഷ പരിപാടികളുടെ ഭാഗമായി പടക്കങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസത്തിലേതെന്ന പോലെ ജില്ലയില്‍ സമാധാന അന്തരീക്ഷം കാത്തുസൂക്ഷിക്കണമെന്നും ചെറിയ അനിഷ്ട സംഭവങ്ങള്‍ പോലും ഉണ്ടാവാതെയിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെയലുത്തണമെന്നും കളക്ടര്‍ യോഗത്തില്‍ കൂട്ടിച്ചേര്‍ത്തു. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി കര്‍ശന സുരക്ഷാ സംവിധാനം ഒരുക്കിയതായി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍ എന്നിവര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ബോര്‍ഡുകളും മറ്റും വോട്ടെണ്ണല്‍ ദിനത്തിന് മുന്നോടിയായി ഉടന്‍ തന്നെ എടുത്തുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണം. യോഗത്തില്‍ കോഴിക്കോട് സിറ്റി പോലിസ് കമ്മിഷണര്‍ രാജ്പാല്‍ മീണ, വടകര റൂറല്‍ എസ്പി ഡോ. അരവിന്ദ് സുകുമാര്‍, വടകര ലോക്സഭ മണ്ഡലം വരണാധികാരി കൂടിയായ എ.ഡി.എം കെ. അജീഷ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ശീതള്‍ ജി മോഹന്‍, പാര്‍ട്ടി പ്രതിനിധികളായ പി എം അബ്ദുറഹ്‌മാന്‍ (കോണ്‍ഗ്രസ്), എം ഗിരീഷ് (സിപിഐഎം), കെ കെ നവാസ് (മുസ്ലിം ലീഗ്), അജയ് നെല്ലിക്കോട് (ബിജെപി), പി ടി ആസാദ് (ജനതാ ദള്‍ എസ്) എന്നിവര്‍ പങ്കെടുത്തു.