ആദ്യം വാക്കുതർക്കം, പിന്നാലെ മാരകായുധങ്ങളുമായി സംഘടിച്ചെത്തി; കാരയാട് യുവാക്കളെ മർദ്ദിച്ചതായി പരാതി


അരിക്കുളം: കാരയാട് മാരകായുധങ്ങുമായെത്തിയ സംഘം യുവാക്കളെ മർദ്ദിച്ചതായി പരാതി. മുബിൻഷാദ് (23), റിസാൽ യാസിൻ (21), റാനിഷ് (16) എന്നിവർക്കാണ് മർദ്ദനമേറ്റത്. ജലീൽ മാഷെ അറിയുമോ എന്ന് ചോദിച്ചെത്തിയ സംഘം മാഷെ അറിയില്ലെന്ന് പറഞ്ഞപ്പോൾ മർദ്ദിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവിരം. ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

വടക്കയിൽ ജലീൽ മാഷിന് നേരെയാണ് ആദ്യം ആക്രമണത്തിന് ശ്രമിച്ചത്. ഇന്നലെ വെെകീട്ട് ആറരയോടെ ചാത്തോത്ത് മുക്കിലുള്ള റോഡിൽ നടന്ന വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

സമീപത്തെ പള്ളിയിൽ നിന്നും ഇറങ്ങിയ ജലീൽ മാഷ് ബെെക്ക് റോഡ് സെെഡിലൊതുക്കി മറ്റൊരാളെ കയറ്റാൻ ശ്രമിക്കുന്നതിനിടെ പിറകിലെത്തിയ വാഹനം ഓടിച്ചിരുന്ന യുവാവ് മോശമായ ഭാഷയിൽ സംസാരിക്കുകയായിരുന്നു. പിന്നാലെ ബെെക്കിനെ ഇടിച്ച് തെറിപ്പിക്കാനും ശ്രമിച്ചതായി ജലിൽ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കാറിൽ നിന്ന് മാരയാകുധങ്ങളുമായി പുറത്തിയങ്ങിയ യുവാവ് തന്റെ ഷർട്ടിന് കയറിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാർ ഇടപെട്ടാണ് ഇയാളെ പിൻതിരിപ്പിച്ച് പറഞ്ഞയച്ചതെന്ന് മാഷ് പറഞ്ഞു.

ഇതിന് ശേഷം സമീപത്തെ കല്യാണവിടിന് സമീപത്തുവെച്ചാണ് വീണ്ടും ആക്രമണം നടക്കുന്നത്. ബെെക്കിലെത്തിയ എട്ടോളം പേർ വരുന്ന സംഘം ജലീൽ മാഷെ അറിയുമോ എന്ന് സമീപത്ത് നിൽക്കുന്ന യുവാക്കളോട് ചോദിക്കുകയായിരുന്നു. ഇല്ലെന്ന് മറുപടി നൽകിയതിന് പിന്നാലെ ഇവരെ ആക്രമിക്കുകയായിരുന്നു. ഇരുമ്പ് കമ്പി, ഉറുമി ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് ഇവർ എത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അരിക്കുളം, ഉരള്ളൂർ, പറമ്പത്ത് പ്രദേശങ്ങളിലുള്ളവരാണ് ആക്രമത്തിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു. കണ്ടാലറിയുന്ന എട്ട് പേർക്കെതിരെ പരാതി നൽകി. പ്രദേശത്തുനിന്ന് രണ്ട് ബെെക്കുകളും ഉറുമിയും പോലീസ് കസ്റ്റഡിയിലെടുത്തു.

സ്ഥിരം ആക്രമണ സ്വഭാവമുള്ളവരാണ് ഇന്നലെ നടന്ന ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. നേരത്തെ രണ്ട് തവണ ഇവർ പ്രദേശത്ത് അക്രമിക്കാനെത്തിയിരുന്നതായും പ്രദേശവാസികൾ പറയുന്നു.