ബംഗാളിൽ നിന്നൊരു ചെറു ‘പെരുന്തച്ചൻ’! റവന്യു ജില്ലാ ശാസ്ത്രോത്സവത്തിൽ കൗതുകമായി റിജു റുയിദാസ്


കൊയിലാണ്ടി: ജില്ലാ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവത്തില്‍ കാണികളുടെ കൈയ്യടി നേടി ബംഗാള്‍ സ്വദേശി റിജു റുയിദാസ്. മണിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ റിജു പ്രവൃത്തിപരിചയ മേളയില്‍ എച്ച്എസ് വിഭാഗം മരപ്പണി മത്സരത്തിലാണ് പങ്കെടുത്തത്.

ചുറ്റികയും ഉളിയുമായി അതിവേഗത്തില്‍ മനോഹരമായി കൊത്തുപണി ചെയ്യുന്ന വിദ്യാര്‍ത്ഥിക്ക് ചുറ്റും കാണികള്‍ കൂടിയതോടെയാണ് റിജുവിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. കൊല്‍ക്കത്ത താരകേശ്വര്‍ സ്വദേശിയായ റിജു മൂന്നു വര്‍ഷം മുമ്പാണ് മണിയൂരിലെത്തിയത്. അച്ഛന്‍ തപന്‍ റുയിദാസ് പത്ത് വര്‍ഷമായി മണിയൂരിലുണ്ട്. ഇവിടെ മരപ്പണിയെടുത്താണ് ജീവിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് അമ്മ ഷിയൂലി റുയിദാസിനൊപ്പമാണ് റിജു കേരളത്തിലെത്തിയത്.

കുറുന്തോടി യു.പി സ്‌ക്കൂളില്‍ നിന്ന് ഏഴാം ക്ലാസ് പാസായ റിജു ഈ വര്‍ഷമാണ് മണിയൂര്‍ ഹൈസക്കൂളില്‍ ചേര്‍ന്നത്. ഉപജില്ലാ മത്സരത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ മരപ്പണി മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചതോടെ സ്‌ക്കൂളിലെ അധ്യാപകര്‍ റിജുവിന് പ്രോത്സാഹനം നല്‍കി. ഇതാദ്യമായാണ് റിജു ജില്ലാ മത്സരത്തില്‍ പങ്കെടുക്കുന്നത്. അതിന്റെ യാതൊരു വിധ ടെന്‍ഷനുമില്ലാതെ ആസ്വദിച്ചാണ് മത്സരത്തില്‍ പങ്കെടുത്തത്.

മലയാളം കഷ്ടിച്ച് മാത്രമാണ് പറയാന്‍ സാധിക്കുകയുള്ളുവെങ്കിലും സ്‌ക്കൂളില്‍ എല്ലാവരുമായി നല്ല സൗഹൃദത്തിലാണ് റിജു. പഠിത്തത്തിലും താല്‍പര്യം കാണിക്കുന്ന റിജുവിന് എല്ലാവിധ പ്രോത്സാഹനവുമായി മണിയൂര്‍ എച്ച്എസ്എസിലെ അധ്യാപകരും രക്ഷിതാക്കളും കൂടെയുണ്ട്. സാമ്പത്തികമായി ഏറെ പരാധീനതകള്‍ ഉള്ള കുടുംബം നിലവില്‍ തറോല്‍ത്താഴം കുറുന്തോടിയില്‍ വാടക വീട്ടിലാണ് താമസിക്കുന്നത്.

റിജുവിന് സാമ്പത്തികമായി സഹായിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഉടന്‍ തന്നെ തീരുമാനത്തിലെത്തുമെന്നാണ് സ്‌ക്കൂള്‍ പ്രധാനാധ്യാപകന്‍ രാജീവന്‍ വളപ്പില്‍കുനി കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞത്. റിജുവിന്റെ കഴിവില്‍ ഏറെ സന്തോഷമുണ്ടെന്നും, എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും അദ്ധേഹം പറഞ്ഞു.