തിക്കോടിയിലെ കൃഷ്ണപ്രിയ മുതൽ പാനൂരിലെ വിഷ്ണുപ്രിയ വരെ; പ്രണയപ്പകയിൽ എരിഞ്ഞടങ്ങിയത് നിരവധി പെൺകുട്ടികൾ
പ്രണയം നിരസിക്കുന്ന പെൺകുട്ടികളെ കൊലപ്പെടുത്തുന്ന യുവാക്കളുടെ ക്രൂരതയ്‌ക്കു മുന്നിൽ വിറങ്ങലിച്ചു നിൽക്കുകയാണ് കേരളം. പ്രേമനൈരാശ്യം ബാധിച്ച് ഭ്രാന്തുപിടിച്ചവർ കൗമാരക്കാരായ പെൺകുട്ടികളെ കൊല്ലുന്നത് നിത്യസംഭവമാകുന്നു. വർത്തമാനകാലത്ത് കേരളം നേരിടുന്ന വലിയ സാമൂഹ്യ വിപത്തായിക്കഴിഞ്ഞു ഈ പ്രണയ ഭീകരത. അടുത്ത ഇര ആരാകുമെന്ന ഭീതിയിലും നടുക്കത്തിലുമാണ് പെൺകുട്ടികളുള്ള അച്ഛനമ്മമാർ കഴിയുന്നത്.
പ്രണയപ്പകയിൽ നിരവധി പെൺകുട്ടികളാണ് മൃഗീയമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ ഭുരിപക്ഷവും 18നും 25നും ഇടയിൽ പ്രായമുള്ളവർ. ഇത്തരത്തിൽ കൊല്ലപ്പെട്ടരിലുള്ളതാണ് തിക്കോടി സ്വദേശിനി കൃഷ്ണപ്രിയയും പാനൂരിലെ വിഷ്ണുപ്രിയയുമെല്ലാം. പ്രണയം നിരസിച്ചതോ അതിൽ നിന്ന് പിന്മാറിയതോ ആണ് കൊലപാതകങ്ങൾക്കെല്ലാം കാരണം.
തിക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിലെ താത്ക്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയ 2021 ഡിസംബംർ 17-നാണ് കൊല്ലപ്പെടുന്നത്. തിക്കോടി വലിയമഠത്തില്‍ നന്ദു എന്ന നന്ദകുമാറാണ് കൊലപാതകം നടത്തിയത്. ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച കൃഷ്ണപ്രിയയുമായി നന്ദകുമാര്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടർന്ന് കൈയില്‍ കരുതിയ കുപ്പിയിലെ പെട്രോള്‍ കൃഷ്ണപ്രിയയുടെ ദേഹത്തൊഴിച്ച് തീക്കൊളുത്തുകയുമായിരുന്നു. യുവതിക്കൊപ്പം സ്വയം ദേഹത്ത് പെട്രോളൊഴിച്ച് യുവാവും ആത്മഹ്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 18-നാണ് നന്ദു മരിക്കുന്നത്.
ഇതിന് സമാനമായ ക്രൂരകൃത്യത്തിനാണ് ഇന്നലെ കണ്ണൂർ ജില്ല സാക്ഷ്യം വഹിച്ചത്. വെറും 23 വയസുമാത്രം പ്രായമായ വിഷ്ണുപ്രിയയെയാണ് ശ്യാംജിത്ത് മൃഗീയമായി കൊലപ്പെടുത്തിയത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് കത്തിയും ചുറ്റികയുമുപയോഗിച്ച് കഴുത്തറത്ത് കൊലപ്പെടുത്തുകയായിരുന്നു. ശ്യാംജിത്തുമായി വിഷ്ണുപ്രിയയ്ക്ക് നേരത്തെ ബന്ധം ഉണ്ടായിരുന്നു. പിന്നീട് ഇവർ തമ്മിൽ പിണങ്ങി. ഇതോടെ പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതോടെ കൊലപ്പെടുത്തണം എന്ന് ഉദ്ദേശത്തോടെയാണ് പ്രതി പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തിയതെന്ന് പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് അടുത്തകാലത്തായി ഇത്തരത്തിൽ അരഡസനോളം പെൺകുട്ടികളാണ് പ്രണയക്കുരുതിക്ക് ഇരയായത്. റാന്നി സ്വദേശിനി കവിത വിജയകുമാർ, വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരി സൗമ്യ, കാരക്കോണം സ്വദേശി അഷിത, കൊച്ചി സ്വദേശിനി ഗോപിക തുടങ്ങിയവർ ഇത്തരത്തിൽ കൊല്ലപ്പെട്ടവരാണ്. പേരുകളും കൊലപാതക രീതികളും മാറുന്നുണ്ടെങ്കിലും ആക്രമണത്തിന് ഇവരെ പ്രേരിപ്പിക്കുന്ന ഘടങ്ങൾ ഒന്നു തന്നെയാണ്. പ്രണയം, സ്നേഹം എന്നെല്ലാം പേരിട്ട് വിളിക്കാമെങ്കിലും ജീവനുതുല്യം സ്നേഹക്കുന്നവർ കൺമുന്നിൽ പിടഞ്ഞു മരിക്കുന്നതെങ്ങനെ കാണാൻ കഴിയും? ഈ പ്രണയപ്പകയുടെ അർഥമറിയാതെ പകച്ചുനിൽക്കുകയാണ് സമൂഹം.
നഷ്ടപ്രണയത്തെ ഉൾക്കൊള്ളാനാകാത്ത മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരാണ് ഈ കൊടുംക്രൂരത ചെയ്യുന്നവർ. സ്‌നേഹശൂന്യമായ അന്തരീക്ഷത്തിൽ വളർന്നവരും വ്യക്തിത്വ വൈകല്യമുള്ളവരും ആയിരിക്കും ഇവർ. മനസ്സിലുള്ളതൊന്നും ആരോടും പങ്കുവയ്‌ക്കാനാകാത്തവിധം സാമൂഹ്യ–കുടുംബ ബന്ധങ്ങളിൽ വന്ന മാറ്റങ്ങളും ഇതിനു കാരണമാകാം. ആഗ്രഹിച്ചതെല്ലാം അപ്പപ്പോൾ നേടി വളർന്നവരും ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ പ്രേമം കിട്ടാതെ വരുമ്പോൾ പ്രതികാരദാഹികളായേക്കാമെന്ന് മനഃശാസ്‌ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
Summary: From Krishnapriya in Thikodi to Vishnupriya in Panur, A lot of girls got murder in the case of Love affair