മണിയൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകനെയും ഭാര്യയെയും ഉത്സവ സ്ഥലത്ത് ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ച സംഭവം: നാല് പേര്‍ അറസ്റ്റില്‍


പയ്യോളി: പൊതുപ്രവര്‍ത്തകനെയും ഭാര്യയെയും ഉത്സവ സ്ഥലത്ത് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. തുറയൂര്‍ പയ്യോളി അങ്ങാടി സ്വദേശികളായ മുക്കുനി വിഷ്ണു പ്രസാദ് (26), ശ്യാമ പ്രസാദ് (36), എടാടിയില്‍ അര്‍ജുന്‍ (22), ഇടിഞ്ഞകടവ് തെക്കെപാറക്കൂല്‍ വിപിന്‍ (27) എന്നിവരെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ നേരത്തേ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യത്തിനായുള്ള അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് നാല് പ്രതികളും പയ്യോളി മുന്‍സിഫ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു പ്രതിക്കായുള്ള അന്വേഷണം പുരോഗമിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള നാല് പ്രതികളെ ചോദ്യം ചെയ്താലേ അഞ്ചാം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കൂ എന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മണിയൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ രാജേഷും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. മുണ്ടാളിതാഴെ ക്ഷേത്രോത്സവത്തിന് പോകുന്ന വഴിയാണ് ഇവര്‍ ആക്രമിക്കപ്പെട്ടത്. പുത്തൂര്‍മുക്ക് എന്ന സ്ഥലത്ത് വച്ചായിരുന്നു ആക്രമണം.

പുത്തൂര്‍മുക്കില്‍ എത്തിയപ്പോള്‍ രാജേഷിന്റെ ഭാര്യയെ ഒന്നാം പ്രതി തടയുകയും കയ്യില്‍ പിടിച്ച് വലിക്കുകയും മുടിക്ക് കുത്തിപ്പിടിക്കുകയും ചെയ്തുവെന്നാണ് കേസ്. കൂടാതെ ബഹളം കേട്ട് ഓടിവന്ന രാജേഷിനെ നാല് പ്രതികളും കണ്ടാലറിയാവുന്ന മറ്റൊരു പ്രതിയും ചേര്‍ന്ന് മാരകായുധങ്ങളുമായി മര്‍ദ്ദിക്കുകയും ചെയ്തു. രാജേഷിന്റെ മൂക്കിന്റെ പാലം തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റു.

മയക്കുമരുന്ന് സംഘത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിലാണ് രാജേഷിന് ആക്രമണം നേരിടേണ്ടി വന്നത് എന്നാണ് കരുതപ്പെടുന്നത്. പയ്യോളി പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പയ്യോളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.