പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂരയില്ല, വണ്ടികള്‍ക്ക് സ്റ്റോപ്പില്ല, ദുരിതത്തിലായി യാത്രക്കാര്‍; അസൗകര്യങ്ങളുടെ ചൂളംവിളിയില്‍ വീര്‍പ്പ് മുട്ടി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍, അടിയന്തിര നടപടിവേണമെന്ന് മുൻ എം.എൽ.എ കെ.ദാസൻ


കൊയിലാണ്ടി: ആയിരക്കണക്കിന് യാത്രക്കാര്‍ ഓരോ ദിവസവും ആശ്രയിക്കുന്ന കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ അധികൃതരുടെ അവഗണനയാല്‍ വീര്‍പ്പ് മുട്ടുകയാണ്. ദീര്‍ഘകാലത്തെ കാത്തിരിപ്പിനും മുറവിളിക്കുമൊടുവില്‍ പുതിയ കെട്ടിടവും ടിക്കറ്റ് കൗണ്ടറും പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അതൊന്നും കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് പര്യാപ്തമല്ലെന്ന് മുൻ എം.എൽ.എ കെ.ദാസൻ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമാണ് കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനിലെ യാത്രക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം. പ്ലാറ്റ്‌ഫോമുകളുടെ നടുഭാഗത്ത് മേല്‍ക്കൂര ഉണ്ടെങ്കിലും രണ്ടറ്റങ്ങളിലും മേല്‍ക്കൂര ഇല്ല. ഭൂരിഭാഗം ട്രെയിനുകളുടെയും ജനറല്‍ കമ്പാര്‍ട്ടുമെന്റുകള്‍ ഏറ്റവും മുന്നിലും ഏറ്റവും പിന്നിലുമാണ് ഉണ്ടാവുക എന്നതിനാല്‍ സാധാരണക്കാരായ യാത്രക്കാര്‍ക്ക് വെയിലും മഴയും കൊണ്ട് ട്രെയിനില്‍ കയറാനേ നിവൃത്തിയുള്ളൂ.

രണ്ടാം പ്ലാറ്റ്‌ഫോമില്‍ മിക്ക ട്രെയിനുകളുടെയും ഏഴ് കമ്പാര്‍ട്ടുമെന്റുകള്‍ വരെ മേല്‍ക്കൂര ഇല്ലാത്തയിടത്താണ് നിര്‍ത്തുക. ഒന്നാം പ്ലാറ്റ്‌ഫോമിലും സ്ഥിതി വ്യത്യസ്തമല്ല. ലേഡീസ് കമ്പാര്‍ട്ടുമെന്റുകള്‍ ട്രെയിനുകളുടെ പിന്നിലായതിനാല്‍ ഇതില്‍ കയറാനെത്തുന്ന സ്ത്രീകളും ഏറെ ബുദ്ധിമുട്ടുകയാണ്.

പ്ലാറ്റ്‌ഫോമില്‍ മേല്‍ക്കൂര ഇല്ലാത്തിടങ്ങളില്‍ ആവശ്യത്തിന് ഇരിപ്പിടങ്ങള്‍ പോലും കൊയിലാണ്ടി സ്‌റ്റേഷനില്‍ ഇല്ല. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലും ലേഡീസ് കമ്പാര്‍ട്ടുമെന്റിലും കയറാനായി എത്തുന്നവര്‍ ട്രെയിന്‍ വരുന്നത് വരേ ഒരേ നില്‍പ്പ് നില്‍ക്കേണ്ട അവസ്ഥയാണ്. ഇതിനിടെ മഴ പെയ്താല്‍ മേല്‍ക്കൂരയ്ക്ക് താഴേക്ക് ഓടിക്കയറുകയോ മഴ നനയുകയോ അല്ലാതെ മറ്റൊരു വഴിയുമ യാത്രക്കാര്‍ക്ക് ഇല്ല.

യാത്രക്കാര്‍ മാത്രമല്ല, ട്രെയിനുകളില്‍ പാര്‍സല്‍ കയറ്റുന്ന ചുമട്ട് തൊഴിലാളികളും മേല്‍ക്കൂര ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. മേല്‍ക്കൂര ഇല്ലാത്തതിനാല്‍ വെയിലും മഴയും കൊണ്ടാണ് തൊഴിലാളികള്‍ ചരക്ക് കയറ്റുകയും ഇറക്കുകയും ചെയ്യുന്നത്.

മൂന്നാം പ്ലാറ്റ് ഫോമിന് സമീപമാണ് റെയില്‍വേയ്ക്ക് ആവശ്യമായ മെറ്റല്‍ ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇതുകാരണമുള്ള പൊടിശല്യം സഹിക്കേണ്ടത് യാത്രക്കാര്‍ മാത്രമല്ല, സ്റ്റേഷനിലെ ജീവനക്കാര്‍ കൂടിയാണ്. പാളം നിര്‍മ്മാണത്തിനാവശ്യമായ മെറ്റല്‍ സൂക്ഷിക്കുന്ന ഇടമായി മാത്രമേ റെയില്‍വേ കൊയിലാണ്ടി സ്റ്റേഷനെ പരിഗണിച്ചിട്ടുള്ളൂ എന്നാണ് യാത്രക്കാർ പോലും പരിഹസിക്കുന്നത്.

അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ തിരക്കേറിയ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്റെ പിറ്റ് സ്റ്റേഷനായി കൊയിലാണ്ടിയെ ഉയര്‍ത്താനുള്ള പദ്ധതിയും അധികൃതര്‍ക്ക് മുന്നിലുണ്ട്. എന്നാല്‍ ഇതും അവഗണിക്കപ്പെടുകയാണ്. പിറ്റ് സ്റ്റേഷനായാല്‍ ട്രെയിനുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. ഇതിനുള്ള സ്ഥലം കൊയിലാണ്ടിയില്‍ ലഭ്യമാണ്. കൂടാതെ തീവണ്ടി എഞ്ചിനുകളുടെ അറ്റകുറ്റപ്പണി, വൃത്തിയാക്കല്‍ എല്ലാം ഇവിടെ നടത്താം. കൂടുതല്‍ ട്രാക്കുകള്‍ വരുന്നത് കൊയിലാണ്ടി സ്‌റ്റേഷന്‍ വികസനത്തിനും മുതല്‍ക്കൂട്ടാകും.

ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ക്കും വടക്കേ ഇന്ത്യയിലേക്കുള്ള കൂടുതല്‍ തീവണ്ടികള്‍ക്കും എല്ലാം സ്റ്റോപ്പ് അനുവദിക്കുക, മുഴുവന്‍ സമയ റിസര്‍വ്വേഷന്‍ സൗകര്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളെല്ലാം യാത്രക്കാര്‍ കാലങ്ങളായി റെയില്‍വേയ്ക്ക് മുന്നില്‍ വയ്ക്കുന്നതാണ്. എന്നാല്‍ ഇതൊന്നും അധികൃതര്‍ കാര്യമായി എടുക്കുന്നേയില്ല.

റെയിൽവെ വികസനത്തിനായി കേന്ദ്ര സർക്കാരിൽ ഇടപെടാൻ കഴിയുന്ന വടകര പാർലമെന്റ് എം.പി കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ വികസനത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നിവേദനം കൊടുക്കുന്ന ഫോട്ടോ എടുത്ത് പത്രങ്ങളിൽ കൊടുക്കുന്നതോടെ അദ്ദേഹത്തിന്റെ ഇടപെടൽ അവസാനിക്കും. ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമായി വളരുന്നുണ്ട്.

റെയില്‍വേയ്ക്ക് നിവേദനങ്ങളും കത്തുകളും നല്‍കുന്നതിനപ്പുറം കൂടുതല്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്താൻ സ്ഥലം എം.പി തയ്യാറാകാത്തത് ദ്യരൂഹമാണെന്നും, ഇതിനെതിരായി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.ദാസൻ പറഞ്ഞു.

summary: Former MLA K. Dasan demanded immediate action on the complaint of inconvenience at Koyaladi railway station