സംശയം തോന്നി, കാർ നിർത്തിച്ച് പോലീസിന്റെ പരിശോധന; കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കൾ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയിൽ


കോഴിക്കോട്: മയക്കു മരുന്നുപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകാരണമുൾപ്പെടെ മാരക മയക്കുമരുന്നുമായി സഞ്ചരിച്ച കോഴിക്കോട് സ്വദേശികൾ പിടിയിൽ. വയനാട്ടില്‍ വെച്ച് ആണ് എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍ ആയത്. കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്ബ്രാകണ്ടത്തില്‍ താഴെ ഇ.കെ വിവേക് (27), പുതിയങ്ങാടി വെസ്റ്റ് ഹില്‍ സ്രാമ്ബിപറമ്ബില്‍ എസ്.പി പ്രസൂണ്‍ (27) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച കാട്ടിക്കുളം പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം നടന്ന പരിശോധനയില്‍ 0.9 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് ഇവര്‍ പിടിയിലായത്. കാട്ടിക്കുളം ഭാഗത്ത് നിന്നും തോല്‍പ്പെട്ടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് കാര്‍ സംശയം തോന്നി തിരുനെല്ലി പൊലീസ് പ‌രിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകരണവും (ഇന്‍ഹെയ്‌ലര്‍ അപ്പാര്‍ട്ടസ്) ഇവരുടെ കയ്യിലുണ്ടായിരുന്നു.

തിരുനെല്ലി എസ്.ഐ എ.പി. അനില്‍കുമാര്‍, പ്രബേഷണറി എസ്.ഐമാരായ സനീത്, സുധി സത്യപാല്‍, സി.പി.ഒമാരായ അഭിലാഷ്, മിഥുന്‍, അഭിജിത്ത്, ബിജു രാജന്‍, എസ്.സി.പി.ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.