ലിങ്ക് റോഡില്‍ ലോട്ടറി കച്ചവടത്തിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്ന വീഡിയോ പുറത്ത്; ലഹരി കൈമാറിയ ആളെ തിരിച്ചറിഞ്ഞതായി എക്‌സൈസ്


വടകര: ലിങ്ക് റോഡില്‍ ലോട്ടറി കച്ചവടത്തിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന നടത്തിയ ആളെ തിരിച്ചറിഞ്ഞു. വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന ശശിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറുന്ന ഇടനിലക്കാരനെന്ന് വടകര എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

ലിങ്ക് റോഡില്‍ ഒരാള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതുസംബന്ധിച്ച് എക്‌സൈസിന് പരാതി ലഭിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.

ഇയാള്‍ നേരത്തെ വടകര ഭാഗത്ത് ഹാന്‍സ് വില്‍പ്പന നടത്തിയതിന് പിടിയിലായിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പുറത്തുവന്ന വീഡിയോയിലും ഇയാള്‍ ഹാന്‍സ് ആണ് കൈമാറിയതെന്നാണ് സംശയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്ക് പ്രായമായ ഒരാള്‍ ലഹരി കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ആളൊഴിഞ്ഞ ഭാഗങ്ങളാണ് ഇതിനായി ഇവര്‍ തെരഞ്ഞെടുക്കുന്നത്. സംസാരിക്കാനെന്ന വ്യാജേന ഇവര്‍ അരികിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ലഹരിയടങ്ങുന്ന പായ്ക്കറ്റുകള്‍ കൈമാറുന്നതാണ് വീഡിയോയില്‍ കണ്ടത്.