കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിത്തം; ഒരു കോച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു, തീ പിടിച്ചത് എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്


കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. 16306 നമ്പര്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ്  എക്‌സ്പ്രസിനാണ് പുലര്‍ച്ചെ ഒന്നരയോടെ തീ പിടിച്ചത്. തീ പിടിത്തത്തില്‍ ട്രെയിനിന്റെ പിന്നിലുള്ള ജനറല്‍ കോച്ച് പൂര്‍ണ്ണമായി കത്തി നശിച്ചു.

സ്റ്റേഷന്‍ മാസ്റ്ററും മറ്റ് അധികൃതരും അറിയിച്ചതനുസരിച്ച് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. രാത്രി 2.20 ഓടെയാണ് തീ പൂര്‍ണ്ണമായി അണച്ചത്. ഉടന്‍ തന്നെ മറ്റ് കോച്ചുകളെ വേര്‍പെടുത്തിയതിനാല്‍ തീ പടര്‍ന്നില്ല. പുലര്‍ച്ചെ 5.10 ന് കണ്ണൂരില്‍ നിന്ന് യാത്ര പുറപ്പെടേണ്ട ട്രെയിനായിരുന്നു ഇത്.

സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നുണ്ട്. പെട്രോള്‍ പോലുള്ള ഇന്ധനം ഒഴിച്ച് തീ കൊളുത്തിയതാണ് എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വഷണമാണ് പൊലീസ് നടത്തുന്നത്.

കഴിഞ്ഞ മാസം എലത്തൂരില്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന് നേരെയുണ്ടായ ആക്രമണത്തിന്റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പാണ് അതേ ട്രെയിനിന് തീ പിടിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് രാത്രി 9.25 ഓടെ ഡല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫി സഹയാത്രികരുടെ മേല്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.