ഇനിയും അപേക്ഷിച്ചില്ലേ? കൊയിലാണ്ടിയിൽ വീടെന്ന സ്വപ്നം പൂർത്തിയാകാത്തവർക്കായി 200,000 രൂപ വരെ ധനസഹായം; അപേക്ഷ നല്കാൻ ഇനി 5 ദിവസങ്ങൾ കൂടി മാത്രം, അർഹർ ആരാണെന്നറിയാം
കൊയിലാണ്ടി: വീടെന്ന മോഹം പാതി വഴിയിൽ നിന്നു പോയവർക്ക് കൈത്താങ്ങായി സർക്കാർ. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ സേഫിലൂടെയാണ് സഹായം ഒരുക്കിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനായി ഈ പദ്ധതിയിലൂടെ 200,000 രൂപ വരെ ധനസഹായം ലഭിക്കും. അർഹർ ഉടൻ അപേക്ഷിക്കേണ്ടതാണ്. അപേക്ഷ നൽകേണ്ട അവസാന തീയതി നവംബർ 5.
മേൽക്കൂര പൂർത്തീകരണം, ടോയ്‌ലറ്റ് നിർമ്മാണം, ഭിത്തി ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും സ്ഥാപിക്കൽ, അടുക്കള നവീകരണം, പ്ലാസ്റ്ററിങ്, ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ, തറ നവീകരണം എന്നീ പ്രവർത്തനങ്ങൾക്കാണ് ധനസഹായം ലഭിക്കുക.
കുറുവങ്ങാട് നിന്നും പതിനേഴുകാരിയെ കാണാനില്ല എന്ന് പരാതി
അപേക്ഷകർ ഒരു ലക്ഷം രൂപവരെ വാർഷിക വരുമാനപരിധിയുള്ളവരും, 2010 ഏപ്രിൽ ഒന്നിന് ശേഷം ഭവനപൂർത്തീകരണം നടത്തിയിട്ടുള്ളവരും ആകണം. അഞ്ചു വർഷക്കാലയളവിനുള്ളിൽ വീട് നിർമിക്കുന്നതിനോ, ഭവനപുനരുദ്ധാരണ പ്രവർത്തനങ്ങൾക്കോ സർക്കാർ സഹായം ലഭ്യമായവരെ ഈ പദ്ധതിയിൽ പരിഗണിക്കുന്നതല്ല.
ഭർത്താവു മരിച്ച/ ഉപേക്ഷിക്കപ്പെട്ട വനിതകൾ കുടുംബനാഥയായ വീടുകൾ, ഭിന്നശേഷിക്കാർ, മാരകരോഗങ്ങൾ ബാധിച്ചവരുള്ള കുടുംബം, വിദ്യാർഥികളുള്ള കുടുംബം, വനിതകൾ മാത്രമുള്ള കുടുംബം, മുൻപ് ഭവനപുനരുദ്ധാരണ ധനസഹായം കൈപ്പറ്റിയിട്ടില്ലാത്ത കുടുംബം, 800 ചതുരശ്ര അടിക്ക് താഴെ വിസ്തീർണ്ണമുള്ള വീടുകളുള്ള കുടുംബം, പാദനമുറി അനുവദിച്ചിട്ടില്ലാത്ത കുടുംബം, നിർമ്മാണഘട്ടങ്ങളിൽ അഞ്ചിലേറെ ഘടകങ്ങൾ ആവശ്യമുള്ള കുടുംബം, 50000 രൂപയ്ക്കു താഴെ വാർഷികവരുമാനമുള്ളവർ എന്നിങ്ങനെയുള്ള കുടുംബങ്ങൾക്ക് മുൻഗണന ലഭിക്കും.
സേഫ് പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ₹50000, ₹100000, ₹50000 എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായാണ് തുക ലഭിക്കുക. ബന്ധപ്പെട്ട കോർപറേഷൻ/മുൻസിപ്പാലിറ്റി/ ബ്ലോക്ക് പട്ടികജാതിവികസന ഓഫീസുകളിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.