കോഴിക്കോട്ടെ പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയൽ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു


കോഴിക്കോട്: പ്രശസ്ത നാടക പ്രവര്‍ത്തകനും സീരിയല്‍ നടനുമായ വിക്രമന്‍ നായര്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ കുണ്ടുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. സീരിയല്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.

കോഴിക്കോട് സ്‌റ്റേജ് ഇന്ത്യ നാടക ട്രൂപ്പിന്റെ സ്ഥാപകനാണ്. നടന്‍, സംവിധായകന്‍ എന്നീ നിലകളിലെല്ലാം നാടകലോകത്തിന് വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് വിക്രമന്‍ നായര്‍. പ്രൊഫഷണല്‍ നാടകവേദിയെ ശക്തിപ്പെടുത്താനായി പ്രയത്‌നിച്ച മികച്ച സംഘാടകനായിരുന്നു അദ്ദേഹം.

പതിനാറാം വയസ് മുതല്‍ കോഴിക്കോട്ടെ കലാസമിതി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാണ് വിക്രമന്‍ നായര്‍ നാടകലോകത്ത് എത്തിയത്. കെ.ടി.മുഹമ്മദിന്റെ സാക്ഷാത്കാരം എന്ന നാടകത്തില്‍ 144 വയസുള്ള വൃദ്ധനായി അദ്ദേഹം അരങ്ങില്‍ തിളങ്ങി. വിക്രമന്‍ നായരുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ഇത്.

പ്രൊഫഷണല്‍ നാടകസംഘത്തിന്റെ ശില്‍പ്പികളിലൊരാളായ അദ്ദേഹം തന്റെ ശബ്ദഗാംഭീര്യത്താലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ടത്. കേരളത്തിലുടനീളം അദ്ദേഹത്തിന്റെ ട്രൂപ്പായ സ്റ്റേജ് ഇന്ത്യയുടെ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിരവധി നാടക, സിനിമാ പ്രവര്‍ത്തകരെ കണ്ടെത്തുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം.

മണ്ണാര്‍കാട് പൊറ്റശ്ശേരിയില്‍ വെള്ളാറാംപടി ജാനകിയുടെയും വേലായുധന്‍ നായരുടെയും മകനാണ്. 1960ലാണ് കുടുംബസമ്മേതം കോഴിക്കോട്ടെത്തിയത്. കെ.ടി. മുഹമ്മദിന്റെയും തിക്കോടിയന്റെയും കൂടെ നാടകങ്ങളില്‍ സജീവമായി. തിക്കോടിയന്റെ മഹാഭാരതം എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി.

‘ആന്റണ്‍ ചെക്കോവിന്റെ കരടി’, ‘പ്രപ്പോസല്‍’ തുടങ്ങിയ നാടകങ്ങള്‍ എം.ടി.വാസുദേവന്‍ നായര്‍ സംവിധാനം ചെയ്തപ്പോള്‍ അവയില്‍ അഭിനയിച്ചു. എം.ടിയുടെ ‘ഗോപുരനട’യിലെ പ്രധാന കഥാപാത്രമായ നരനെയും വിക്രമന്‍ നായര്‍ അനശ്വരമാക്കി.

ഭാര്യ: ലക്ഷ്മിദേവി. മക്കള്‍: ദുര്‍ഗ സുജിത്ത് (ഷാര്‍ജ), സരസ്വതി ശ്രീനാഥ്. മരുമക്കള്‍: കെ.പി. സുജിത്ത് (അബൂദബി), കെ.എസ്. ശ്രീനാഥ് (ഖത്തര്‍). സഹോദരങ്ങള്‍: തങ്കമണി, സാവിത്രി, സുകുമാരി.

മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ ചൊവ്വാഴ്ച പകല്‍ മൂന്നിനാണ് വീട്ടിലെത്തിക്കുക. ബുധനാഴ്ചയാണ് സംസ്‌കാരം.