പിടിച്ചെടുത്തത് 76 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, കടയുടമകൾക്ക് 23,000 രൂപ പിഴ; അരിക്കുളത്ത് എൻഫോഴ്സമെന്റിന്റെ മിന്നൽ പരിശോധന
അരിക്കുളം: മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നിയോഗിച്ച ജില്ലാ എൻഫോഴ്സ്മെന്റ് ടീം അരിക്കുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ പരിശോധന നടത്തി. പരിശോധനയുടെ ഭാഗമായി അരിക്കുളം ടൗൺ, കുരുടിമുക്ക്, ഊരള്ളൂർ, അരിക്കുളം മുക്ക് എന്നീ സ്ഥലങ്ങളിലെ എട്ട് കടകളിൽ നിന്നും 76 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 23000 രൂപ പിഴ ഈടാക്കുന്നതിന് നിർദ്ദേശിച്ചു.
പൊതുസ്ഥത്ത് മാലിന്യം നിക്ഷേപിച്ച മൂന്നു സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ജില്ലയിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കുമെന്നും കർശന നടപടി കൈക്കൊള്ളുമെന്നും എൻഫോഴ്സ്മെന്റ് ടീം ലീഡർ ശശിധരൻ നെല്ലോളി അറിയിച്ചു. ശുചിത്വ മിഷൻ കോർഡിനേറ്റർ കെ പി രാധാകൃഷ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, ആദർശ് വി.സി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.