രാജ്യത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു; ഏപ്രില്‍ 26 ന് കേരളം വിധിയെഴുതും, ജൂൺ 4 ന് വോട്ടെണ്ണൽ


Advertisement

ഡല്‍ഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്. വോട്ടെണ്ണല്‍ ജൂണ്‍ 4ന് നടക്കും. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 നാണ് നടക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് ആണ് തെരഞ്ഞെടുപ്പ് നടക്കുക.

ഒറ്റഘട്ടമായിട്ടാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 28 ന് വിജ്ഞാപനമിറക്കും. പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി ഏപ്രില്‍ 4 ആയിരിക്കും. ഏപ്രില്‍ 5 ന് സൂക്ഷമ പരിശോധന നടത്തും. പത്രിക പിന്‍വലിക്കാനുളള അവസാന തിയ്യതി ഏപ്രില്‍ 8 ന് ആണ്.

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതിയും പ്രഖ്യാപിച്ചു. ആന്ധ്രയില്‍മെയ് 13നും ഒഡീഷയില്‍ മെയ് 13 ന്‌രണ്ട് ഘട്ടങ്ങളില്‍ നടക്കും. അരുണാചല്‍ പ്രദേശില്‍ സിക്കിമില്‍ ഏപ്രില്‍ 19 നും തിരഞ്ഞെടുപ്പ് നടക്കും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍നൊപ്പം പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 60 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കും.

Advertisement

97 കോടി വോട്ടര്‍മ്മാരാണ് ഇത്തവണ വിധിയെഴുതുന്നത്. 10.5 ലക്ഷം പോളിംങ്ബൂത്തുകളുമാണുളളത്. 49.7 കോടി പുരുഷ വോട്ടര്‍മ്മാരും 47.1 കോടി സ്ത്രീ വോട്ടര്‍മ്മാരും 1.8 കോടി കന്നി വോട്ടര്‍മ്മാരും 48,000 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മ്മാരും 19.74 കോടി യുവ വോട്ടര്‍മ്മാരുമാണ് ഇത്തവണയുളളത്. കുടിവെളളവും ശൗചാലയവും വീല്‍ച്ചെയറും ബൂത്തുകളില്‍ ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 85 വയസ്സ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുളള സൗകര്യവും ഒരുക്കും. 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി ഉളളവര്‍ക്കും വീട്ടില്‍ വച്ച് വോട്ട് ചെയ്യാനുളള സൗകര്യമൊരുക്കും.

Advertisement

സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ കെ.വൈ.സി ആപ്പിലൂടെ അറിയാന്‍ സാധിക്കും. അക്രമങ്ങള്‍ തടയാന്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലകളില്‍ മുഴുവന്‍ സമയവും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. കൂടാതെ അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കും. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നിരീക്ഷണം, സാമൂഹിക മധ്യമങ്ങള്‍ നിരീക്ഷിക്കുമെന്നും വ്യാജവാര്‍ത്തകള്‍ക്കതിര കര്‍ശന നടപടി സ്വീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ സൂചിപ്പിച്ചു. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന, വിദ്വേശ പ്രസംഗത്തിന് വിലക്ക് എന്നിവയേര്‍പ്പെടുത്തുമെന്നും കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും അറിയിച്ചു.

Advertisement

കഴിഞ്ഞ തവണ ഏപ്രില്‍ 11ന് തുടങ്ങി മെയ് 19 വരെ ഏഴു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫല പ്രഖ്യാപനം. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 543ല്‍ 353 സീറ്റുകള്‍ നേടിയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തിലെത്തിയത്.

തെരഞ്ഞെടുപ്പിന് കശ്മീരും സജ്ജമാണെന്ന് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. അതിനാല്‍ കശ്മീരിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിടയുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതോടെ മുന്നണികളുടെ പ്രചാരണം ശക്തിപ്രാപിക്കും. സ്ഥാനാര്‍ഥികള്‍ നേരത്തെ തന്നെ രംഗത്തിറങ്ങിയെങ്കിലും തിരഞ്ഞെടുപ്പു തിയ്യതി അറിയുന്നതോടെയാവും പ്രവര്‍ത്തകരിലും ജനങ്ങളിലും ആവേശം നിറയുക.

കേരളത്തില്‍ കഴിഞ്ഞ തവണ വന്‍ മുന്നേറ്റം നടത്തിയ യു.ഡി.എഫ് ആ നേട്ടം നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. കേരളത്തില്‍ ഇത്തവണയെങ്കിലും അക്കൗണ്ട് തുറക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി. പൗരത്വ വിഷയമാണ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുഖ്യ വിഷയമായിത്തീര്‍ന്നത്. തിരഞ്ഞെടുപ്പ് ബോണ്ട് അഴിമതി ഇടതുപക്ഷം ശക്തമായി ഉയര്‍ത്തുകയാണ്.