ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ 15ലക്ഷം രൂപ ചെലവില്‍ ടാറിങ് പൂര്‍ത്തിയാക്കി; ചേമഞ്ചേരിയിലെ നല്ലയില്‍-പൂളയ്ക്കല്‍ റോഡ് തുറന്നു


പന്തലായനി: ജില്ലാപഞ്ചായത്ത് 2023-24 പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ചേമഞേരി പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ നല്ലയില്‍ – പൂളയ്ക്കല്‍ റോഡ് പ്രവൃത്തി പൂര്‍ത്തിയായി. കാടടില്‍പീടിക രാമകൃഷ്ണ റോഡിനെയും കോരപ്പുഴ അഴീക്കല്‍ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയതായി പൂര്‍ത്തിയാക്കിയ റോഡ്.

ഏകദേശം 600 മീറ്ററോളം വരുന്ന റോഡിന്റെ ടാറിങ് പ്രവൃത്തിയാണ് 15ലക്ഷം രൂപ ചെലവില്‍ നടത്തിയത്. ഒരുവശത്ത് ഡ്രൈനേജ് സൗകര്യം അടക്കം ഒരുക്കി റോഡ് നേരത്തെ നിര്‍മ്മിച്ചിരുന്നെങ്കിലും ടാറിങ് പൂര്‍ത്തിയാകാത്തതിനാല്‍ ഇതുവഴി കടന്നുപോകല്‍ പ്രയാസകരമായിരുന്നു.

ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിവാനന്ദന്‍ റോഡ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചേമഞേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മൊയ്തീന്‍ കോയ, പഞ്ചാ മെമ്പര്‍ രാജലക്ഷ്മി തുടങ്ങിയവര്‍ സംസാരിച്ചു.