പനിയുള്ള കുട്ടികളെ സ്കൂളിൽ വിടല്ലേ…; രോഗലക്ഷണമുള്ള കുട്ടികളെ അഞ്ച് ദിവസം വരെ സ്കൂളിൽ അയയ്ക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ്
കോഴിക്കോട്: പനിയുള്ള കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ വകുപ്പ്. രോഗലക്ഷണമുള്ള കുട്ടികളെ മൂന്ന് മുതൽ അഞ്ച് ദിവസം വരെ സ്കൂളിൽ അയക്കരുതെന്നും നിർബന്ധമായും ചികിത്സ തേടണമെന്നും രക്ഷാകർത്താക്കൾക്ക് നിർദ്ദേശം നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ നൽകി.
കുട്ടിയുടെ രോഗവിവരം സ്കൂളിൽ നിന്ന് അന്വേഷിക്കണം. ഒരു ക്ലാസിൽ പല കുട്ടികൾക്ക് പനിയുണ്ടെങ്കിൽ ക്ലാസ് ടീച്ചർ പ്രധാനാധ്യാപകനെയും അദ്ദേഹം ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെയും അറിയിക്കണം.
ഇൻഫ്ലുവൻസയുടെ ചെറിയ ലക്ഷണങ്ങേളാടുകൂടിയാണെങ്കിൽ പോലും സ്കൂളിൽ വരുന്ന കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം. ചുമ, തുമ്മൽ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ മുൻകരുതലെന്ന നിലയിൽ മാസ്ക് ധരിക്കുകയും പര്യാപ്തമായ അകലം പാലിക്കുകയും ചെയ്യണം. എല്ലാ സ്കൂളുകളിലും ഒരു അധ്യാപകനോ അധ്യാപികയോ പകർച്ചവ്യാധി നോഡൽ ഓഫിസറായി പ്രവർത്തിക്കണം.
പകർച്ചവ്യാധി പിടിപെടുന്ന കുട്ടികൾ, ജീവനക്കാർ, അധ്യാപകർ എന്നിവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സ്കൂളിൽ ഡാറ്റാ ബുക്ക് സജ്ജമാക്കണം. ശനിയാഴ്ച എല്ലാ വിദ്യാഭ്യാസ ഓഫീസിലും ശുചീകരണ പ്രവർത്തനം നടത്തണമെന്നും സർക്കുലറിൽ പറയുന്നു. നേരത്തേ വെള്ളിയാഴ്ച സ്കൂളുകളിൽ സ്പെഷ്യൽ ആരോഗ്യ അസംബ്ലി ചേർന്നിരുന്നു.