കരുത്തായി സ്വയം നേടിയ പരിശീലനവും ആത്മവിശ്വാസവും, കൈപ്പിടിയിലൊതുക്കി വിജയം; ജില്ലാ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്സിലെ അലോകയുടെ വിശേഷങ്ങൾ


മേപ്പയ്യൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അലോക അനുരാഗ്. എ ഗ്രേഡിന്റെ തിളക്കത്തോടെയാണ് അലോക കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് ചുവടു വയ്ക്കുന്നത്.

കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ നഷ്ടം (The loss of renaissance values in Kerala) എന്ന വിഷയമാണ് ഉപന്യാസരചനയ്ക്കായി നല്‍കിയിരുന്നത്. വിവിധ ഉപജില്ലകളില്‍ നിന്നായി പതിനേഴോളം കുട്ടികളാണ് ഇംഗ്ലീഷ് ഉപന്യാസരചനയില്‍ പങ്കെടുത്തത്.

പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനിയാണെങ്കിലും തനിക്ക് ലഭിച്ച വിഷയം വലിയ ബുദ്ധിമുട്ടായി തോന്നിയില്ല അലോകയ്ക്ക്. മറ്റാരുടെയും സഹായമില്ലാതെ സ്വയം പരിശീലിച്ചെടുത്ത തന്റെ രചനാവൈഭവത്തിലൂടെയാണ് അലോക സംസ്ഥാന മത്സരത്തിലേക്ക് എഴുതിക്കയറിയത്.

എഴുത്തിനോടും വായനയോടും ഏറെ താല്‍പ്പര്യമാണ് അലോകയ്ക്ക്. അതില്‍ തന്നെ ഇംഗ്ലീഷ് ഭാഷയോടാണ് കൂടുതല്‍ താല്‍പ്പര്യം. ഇംഗ്ലീഷ് ഉപന്യാസരചനയില്‍ പങ്കെടുക്കാനായി പേര് നല്‍കിയതും ഇതേ താല്‍പ്പര്യം കൊണ്ടാണ്.

എന്നാല്‍ മറ്റ് പല വിദ്യാര്‍ത്ഥികളെയും പോലെ ഉപന്യാസരചനയില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല അവള്‍ക്ക്. യൂട്യൂബിലൂടെയും മറ്റും ഓണ്‍ലൈനായി സ്വയം പരിശീലിച്ചാണ് അലോക വിജയം കൈപ്പിടിയിലൊതുക്കിയത്.

അലോക അനുരാഗ്


താന്‍ ആദ്യമായാണ് ഒരു സംസ്ഥാനതല മത്സരത്തിന് പോകുന്നത് എന്ന് അലോക കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ജില്ലാതലത്തില്‍ വിജയിച്ചെങ്കിലും സംസ്ഥാനതല മത്സരത്തെ ഒട്ടും നിസ്സാരമായല്ല താൻ കാണുന്നത്. അതിനാല്‍ കൂടുതല്‍ മുന്നൊരുക്കങ്ങളും പരിശീലനവും നടത്തുമെന്നും അലോക പറയുന്നു.

ഇംഗ്ലീഷ് ഉപന്യാസ രചനയ്ക്ക് പുറമെ ഉപജില്ലയില്‍ ഇംഗ്ലീഷ് കഥാരചനയ്ക്കും പങ്കെടുത്തിരുന്നു അലോക. ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ സംഘനൃത്തം ഉള്‍പ്പെടെയുള്ള മത്സരങ്ങളിലും അലോക പങ്കെടുത്തിട്ടുണ്ട്.

മേപ്പയ്യൂരിന് സമീപം കൊഴുക്കല്ലൂരാണ് അലോകയുടെ വീട്. അനുരാഗിന്റെയും ലീനയുടെയും മകളാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന അദ്വികയാണ് അലോകയുടെ കുഞ്ഞനിയത്തി.