23ാം വര്‍ഷവും സംസ്‌കൃത നാടക വിഭാഗത്തില്‍ കുത്തക നിലനിര്‍ത്തി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍; അഭിജ്ഞാന ശാകുന്തളം അവതരിപ്പിച്ച് സംസ്ഥാന കലോത്സവത്തിലേക്ക്


വടകര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത നാടക മത്സരത്തില്‍ കുത്തക നിലനിര്‍ത്തി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. തുടര്‍ച്ചയായി 23 വര്‍ഷമായി സംസ്‌കൃത നാടക മത്സരത്തില്‍ പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളാണ് ഒന്നാം സ്ഥാനം നേടുന്നത്.

അഭിജ്ഞാന ശാകുന്തളം എന്ന കഥയാണ് നാടകരൂപത്തില്‍ അവതരിപ്പിച്ചത്. കാലടി സംസ്‌കൃത സര്‍വ്വകലാശാല ലക്ചറര്‍ എം.കെ.സുരേഷ് ബാബുവാണ് നാടകം സംവിധാനം ചെയ്തത്.

വടകരയില്‍ നടന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്നലെ കൊടിയിറങ്ങി. മത്സരാര്‍ത്ഥികളും അധ്യാപകരും കലാ ആസ്വാദകരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒരുപോലെ ഏറ്റെടുത്ത ജനകീയ ഉത്സവമായിരുന്നു വടകരയില്‍ അഞ്ചുദിവസം. വടകരയിലേയും സമീപ പ്രദേശങ്ങളിലെയും ജനം ഓരോ ദിവസവും കലോത്സവ നഗരയിലേക്ക് ഒഴുകി എത്തുകയായിരുന്നു.

വിവിധ ഇനങ്ങളിലായി 8000ത്തിലധികം മത്സരാര്‍ത്ഥികളാണ് 19 വേദികളില്‍ നടന്ന കലോത്സവത്തില്‍ മാറ്റുരച്ചത്.