ലോട്ടറി അടിച്ചതറിയാതെ ടിക്കറ്റ് പോക്കറ്റിലിട്ട് മണിക്കൂറുകള്‍, ആകാംക്ഷയ്‌ക്കൊടുവില്‍ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനാര്‍ഹനെ കണ്ടെത്തി; 80 ലക്ഷം ലഭിച്ചത് തയ്യല്‍ത്തൊഴിലാളിക്ക്


കടുത്തുരുത്തി: ചെറിയ ഒരാകാംക്ഷയ്ക്ക് ശേഷം ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയടിച്ചയാളെ കണ്ടെത്തി. കടുത്തുരുത്തി സ്വദേശിയായ തയ്യല്‍ത്തൊഴിലാളി പെരുവ മൂര്‍ക്കാട്ടുപടിയിലെ വിഷ്ണു ടെയ്ലേഴ്‌സ് ഉടമ പതിച്ചേരില്‍ കനില്‍ കുമാറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഇന്നലെ ഉച്ചയോടെ വെള്ളൂര്‍ സ്വദേശിയായ ലോട്ടറി ഏജന്റിന്റെ കടയില്‍ നിന്നാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് കനില്‍ കുമാര്‍ എടുത്തത്. വൈകുന്നേരം ഫലം വന്നപ്പോള്‍ സമ്മാനമൊന്നും ഇല്ലെന്നു കരുതി കനില്‍ കുമാര്‍ ലോട്ടറി പോക്കറ്റില്‍ വച്ചിരിക്കുകയായിരുന്നു.

പിന്നീട് കടയ്ക്കുള്ള വായ്പയുടെ ആവശ്യത്തിനായി ബാങ്കിലെത്തിയപ്പോള്‍ കടയ്ക്കു സമീപമുള്ള സുഹൃത്താണ് കനില്‍ എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നതെന്നു വിളിച്ചറിയിച്ചത്.

സമ്മാനാര്‍ഹമായ ടിക്കറ്റ് മുളക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. മുന്‍പ് 50000, 500, 100 എന്നിങ്ങനെ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ഭാര്യ പ്രസന്നയും കനില്‍ കുമാറിനൊപ്പം തയ്യല്‍ ജോലി ചെയ്യുകയാണ്. മകന്‍ വിഷ്ണു പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്. ഞീഴൂര്‍ പാറശേരിയിലാണു വീട്. 7 വര്‍ഷമായി മൂര്‍ക്കാട്ടുപടിയില്‍ വാടകയ്ക്കു താമസിക്കുകയാണ്.

summary: the first prize of karunya plus lottery drawn yesterday was RS 80 lakhs won by a tailor from kaduthuruthi