”ആ വീഡിയോയില്‍ ഞാന്‍ എവിടേയും കാശ് ഇന്‍വെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമര്‍ശിച്ചിട്ടില്ല”; വിവാദ വീഡിയോ ഡിലീറ്റ് ചെയ്തതിനു പിന്നാലെ വിശദീകരണവുമായി ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നന്‍
തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയുമായി ബന്ധപ്പെട്ട് ഖേദം പ്രകടിപ്പിക്കുകയാണ് ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷ പ്രസന്നന്‍. ദില്‍ഷ പോസ്റ്റു ചെയ്ത വീഡിയോയ്‌ക്കെതിരെ ബിഗ് ബോസില്‍ കൂടെയുണ്ടായിരുന്ന താരങ്ങളടക്കം നിരവധി പേര്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് ദില്‍ഷ വീഡിയോ ഡിലീറ്റ് ചെയ്തത്.
”ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ ഇടാന്‍ കാരണമുണ്ട്. നിങ്ങള്‍ക്കെല്ലാം അറിയാം ഞാന്‍ ഇന്നൊരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അത് അപ്പോള്‍ തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതുമായി ബന്ധപ്പെട്ടാണ് ഈ വീഡിയോ. അത് എനിക്ക് വന്നൊരു കൊളാബായിരുന്നു. എനിക്ക് നേരിട്ട് വന്നതായിരുന്നില്ല. എന്റെ പരിപാടികളും കാര്യങ്ങളും നോക്കുന്ന മാനോജരുണ്ട്. ആള് വഴിയാണ് വന്നത്. അവര്‍ ആളെയാണ് ബന്ധപ്പെട്ടത്. അവര്‍ സര്‍ട്ടിഫിക്കറ്റും കാര്യങ്ങളുമൊക്കെ അയച്ചു കൊടുത്ത ശേഷമാണ് എനിക്ക് വരുന്നത്. ഞാനും ക്രോസ് വെരിഫൈ ചെയ്തിരുന്നു” എന്നാണ് ഈ വീഡിയോ പോസ്റ്റു ചെയ്യാനുണ്ടായ സാഹചര്യം വിശദീകരിച്ച് ദില്‍ഷ പറഞ്ഞത്.
”എനിക്കും ഓക്കെയായി തോന്നി. അവരുടെ പേജും സര്‍ട്ടിഫിക്കറ്റും കണ്ടപ്പോള്‍ ജെനുവിന്‍ ആണെന്ന് തോന്നി. ആ വീഡിയോയില്‍ ഞാന്‍ എവിടേയും കാശ് ഇന്‍വെസ്റ്റ് ചെയ്യണമെന്നോ മറ്റോ പരാമര്‍ശിച്ചിട്ടില്ലെന്ന് ദില്‍ഷ പറയുന്നു. ഇത് ട്രേഡ് മാര്‍ക്കറ്റിംഗ് ആണെന്നും നിങ്ങള്‍ക്ക് ട്രേഡ് മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുണ്ടെങ്കില്‍ ഇങ്ങനൊരു വ്യക്തിയെ ഫോളോ ചെയ്താല്‍ അവര്‍ നിങ്ങളെ സഹായിക്കുമെന്ന്. അതാണ് ആ വീഡിയോ കൊണ്ട് ഉദ്ദേശിച്ചത്. അതല്ലാതെ ആ ബിസിനസിന്റെ ഭാഗമാകാനോ കാശ് ഇറക്കാനോ ഞാന്‍ പറഞ്ഞിട്ടില്ല.” അവര്‍ വിശദീകരിക്കുന്നു.
”ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ ഒരുപാട് കോളുകളും മെസേജുകളും വന്നു. കാരണം എന്റെ പേജിലൂടെ എനിക്ക് തെറ്റായൊരു സന്ദേശം നല്‍കാന്‍ താല്‍പര്യമില്ല. ഞാന്‍ അവരെ വിളിച്ചിരുന്നു. തങ്ങള്‍ ജെനുവിന്‍ ആണെന്നാണ് അവര്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റൊക്കെ അയച്ചു തരികയും ചെയ്തു. ഞാനിത് ഫോള്‍ഡ് ചെയ്തിരിക്കുകയാണെന്നും എത്രമാത്രം ജെനുവിന്‍ ആണെന്ന് വ്യക്തമായ ശേഷം മാത്രമേ റീ പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ പേജിലൂടെ ആര്‍ക്കും തെറ്റായ അറിവ് നല്‍കില്ല.” ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ ദില്‍ഷ വ്യക്തമാക്കുന്നു.
ബിഗ് ബോസ് താരങ്ങളായ ബ്ലെസ്ലി, നിമിഷ തുടങ്ങിയവര്‍ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ട്രേഡിങ്ങുമായി ബന്ധപ്പെട്ട പ്രമോഷണല്‍ വീഡിയോയാണ് ദില്‍ഷ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ട്രേഡിംഗ് പോലെ ആളുകളുടെ പണം നഷ്ടമാകാന്‍ സാധ്യതയുള്ളൊരു വിഷയത്തില്‍ പ്രതികരിക്കുമ്പോള്‍ കൂടുതല്‍ കരുതല്‍ വേണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.