കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു; 40 ദിവസത്തിനിടെ 450ഓളം പേര്‍ക്ക് രോഗബാധ, മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ്‌


കോഴിക്കോട്: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 40 ദിവസത്തിനിടെ 450ഓളം പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചത്. ഇതേ തുടര്‍ന്ന് രോഗവ്യാപനം തടയാന്‍ മുന്‍കരുതല്‍ ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ജില്ലയില്‍ ഈ മാസം 96 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്കാണ്. കഴിഞ്ഞ മാസം 350ലേറെ പേര്‍ക്കും ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചിരുന്നു. നഗരപരിധിയില്‍ താമസിക്കുന്നവരാണ് രോഗബാധിതരില്‍ ഏറെയും.

കഠിനമായ പനിയോടൊപ്പം അഹസ്യമായ തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഡെങ്കിപ്പനിക്ക് ഫലപ്രദമായ വാക്സിൻ നിലവിലില്ല, അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ മരണം പോലും സംഭവിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്‌.