‘ജിഷ്ണുവിനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞു’, ചെറുവണ്ണൂരിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍


കോഴിക്കോട്: ചെറുവണ്ണൂര്‍ സ്വദേശി ജിഷ്ണുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി അച്ഛന്‍ സുരേഷ് കുമാര്‍. വീട്ടില്‍ നിന്ന് രാത്രി ജിഷ്ണു പുറത്ത് പോയിരുന്നു. ഇതിന് ശേഷമാണ് മകനെ അന്വേഷിച്ച് പോലീസ് വീട്ടിലെത്തിയത്. അവര്‍ തിരിച്ച് പോയി മണിക്കൂറുകള്‍ക്കുള്ളില്‍ വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണുവിനെ ബോധമില്ലാതെ കണ്ടെത്തുകയായിരുന്നു. മകനെ പോലീസ് ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍ ജിഷ്ണുവിന്റെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

[ad1]

സംഭവത്തേക്കുറിച്ച് സുരേഷ് കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: ചൊവ്വാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് നല്ലളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ ജിഷ്ണുവിനെ അന്വേഷിച്ച് ചെറുവണ്ണൂരിലെ വീട്ടിലെത്തുന്നത്. അമ്മയുടെ ഫോണില്‍ നിന്ന് പോലീസുകാര്‍ ജിഷ്ണുവിനെ വിളിക്കുകയും സംസാരിക്കുകയും ചെയ്തു. കല്‍പ്പറ്റയില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ 500 രൂപ ഫൈന്‍ അടയ്ക്കാനുണ്ടെന്നാണ് പറഞ്ഞത്. പോലീസ് തിരിച്ചുപോയി ഒരുമണിക്കൂറിനുള്ളിലാണ് വീട്ടിലേക്കുള്ള നടപ്പാതയില്‍ ജിഷ്ണു ബോധമില്ലാതെ കിടക്കുന്നത് നാട്ടുകാരന്‍ കണ്ടത്.

[ad2]

നാട്ടുകാരാണ് അവിടെയുള്ള സ്വകാര്യ ആശുപത്രിയില്‍ ജിഷ്ണുവിനെ എത്തിച്ചത്. വിവരമറിഞ്ഞ് അവിടെയെത്തി മകനെ കണ്ടു. ഛര്‍ദ്ദിച്ചതിന്റെ അടയാളം ശരീരത്തില്‍ ഉണ്ടായിരുന്നു. ചെവിയില്‍ നിന്ന് രക്തം വന്നതായി പിന്നീട് പറഞ്ഞുകേട്ടു. വായില്‍ നിന്ന് നുര വന്നെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷക്കാരും പറഞ്ഞു.

[ad-attitude]

മകന്‍ മദ്യപിച്ച് സംസാരിച്ചെന്നാണ് പോലീസ് പറയുന്നത് അതിന് സാധ്യതയില്ല. മകന്‍ വീട്ടിനടുത്തേക്ക് നടന്ന് വന്നതാണ്. പക്ഷെ മതിലില്‍ ചാരി നില്‍ക്കുന്നത് കണ്ടെന്നാണ് പോലീസ് പറയുന്നത്. ഒരു ചെറിയ കേസിന് പോലീസ് രാത്രി വീട്ടിലേക്ക് വന്നതും മകനെ ഓടിക്കുന്നത് കണ്ടെന്ന് ചിലര്‍ പറഞ്ഞതും ദുരൂഹത കൂട്ടുന്നു. പിന്നീട് നല്ലളം പോലീസ് പറഞ്ഞ കേസിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത് പോക്സോ കേസ് ആണെന്നാണ്. മകന് മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ല, വീട്ടിലും പ്രശ്നങ്ങളില്ല. ജിഷ്ണുവിന് എന്ത് സംഭവിച്ചു എന്നത് തെളിയിക്കപ്പെടണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തും. ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുമെന്നും നിഷ്പക്ഷ അന്വേഷണമുണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ ഡി.ഐ.ജി. എ. അക്ബര്‍ പറഞ്ഞു.