രാത്രിയില്‍ ഉറക്കത്തിനിടെ കറണ്ട് പോകുന്നുണ്ടോ? വിയര്‍ത്തൊലിച്ച് കെ.എസ്.ഇ.ബിയെ കുറ്റംപറയുംമുമ്പ് ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ


കൊയിലാണ്ടി: കൊടുംചൂട്, രാത്രിയില്‍ ഒരുവിധം ഉറക്കം പിടിച്ചുവരുമ്പോഴേക്കും കറണ്ട് പൊകുന്നുണ്ടോ? കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാത്രി പത്തര, പതിനൊന്നുമണിയാകുമ്പോഴേക്കും കറണ്ട് പോകുന്ന അവസ്ഥയുണ്ട്. ചിലയിടങ്ങളില്‍ കുറച്ചുസമയത്തിനുശേഷം വരും, ചിലയിടത്താവട്ടെ കുറേയേറെ സമയം കഴിയാറുമുണ്ട്. കറണ്ട് പോകുന്നതോടെ ചൂട് സഹിക്കവയ്യാതെ കെ.എസ്.ഇ.ബിയെ വിളിച്ചുപോകും, ബിസി ടോണ്‍ കേട്ട് ഇനി അവരെ തെറിപറയാന്‍ നില്‍ക്കേണ്ട. പ്രശ്‌നം കെ.എസ്.ഇ.ബിയുടേതല്ല, നമ്മുടെ വൈദ്യുതി ഉപഭോഗത്തിന്റേതാണെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നത്.

സംഭവിക്കുന്നത് ഇതാണ്: ചൂട് ഉയര്‍ന്നതോടെ രാത്രി സമയങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണുള്ളത്. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 5150 മെഗാവാട്ട് കവിഞ്ഞിരിക്കുന്നു. വീടുകളില്‍ എ.സിയുടെയും ഫാനിന്റെയും ഉപയോഗം കൂടിയതോടെ രാത്രി സമയത്ത് മിക്ക ഫീഡറുകളുടെയും ഉയര്‍ന്നപരിധിക്ക് മുകളില്‍ വൈദ്യുതി ഉപഭോഗം എത്തുന്ന സ്ഥിതി വരുന്നു. ഇങ്ങനെ വരുമ്പോള്‍ ആ ഭാഗത്ത് വൈദ്യുതി തടസപ്പെടും. ലൈനുകള്‍ക്ക് താങ്ങാനാവുന്നതിലധികം ശേഷിയില്‍ ഉപഭോഗം ആകുമ്പോഴാള്‍ സ്വാഭാവികമായും ഇങ്ങനെ സംഭവിക്കും. കെ.എസ്.ഇ.ബി അധികൃതരെത്തി ഏതെങ്കിലും ഭാഗത്തേക്കുള്ള വിതരണം തടസപ്പെടുത്തി, മറ്റുഭാഗത്തേക്ക് വൈദ്യുതി വിതരണം പുനസ്ഥാപിക്കുകയാണ് ചെയ്യുന്നത്.

കൊടുംചൂടില്‍ വെന്തുരുകി ഉറക്കം നഷ്ടപ്പെടുന്ന സ്ഥിതി ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ക്ക് ചെയ്യാവുന്നത്:

രാത്രി സമയത്ത് വൈദ്യുതി ഉപഭോഗം പരമാവധി ചുരുക്കുക. സോളാര്‍പാനല്‍ സ്ഥാപിച്ച ഉപഭോക്താക്കള്‍ അതുവഴി ഇന്‍വര്‍ട്ടര്‍ അല്ലെങ്കില്‍ ബാറ്ററി ചാര്‍ജ് ചെയ്യുക. പീക്ക് ലോഡ് സമയത്ത് ഇന്‍വര്‍ട്ടര്‍ വഴിയുള്ള വൈദ്യുതി ഉപയോഗം നടത്തുക.

എ.സി, ഫാന്‍ മുതലായവ ഊര്‍ജ്ജ കാര്യക്ഷമത കൂടിയത് (ഉയര്‍ന്ന സ്റ്റാര്‍) ഉപയോഗിക്കുക.

എ.സിയിട്ട് മുറിയൊന്ന് തണുത്തശേഷം അത് ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാം.

ഇലക്ട്രിക് വാഹനങ്ങള്‍ സന്ധ്യാസമയങ്ങൡ ചാര്‍ജ്ജ് ചെയ്യാതിരിക്കുക.

മുറിയില്‍ നിന്ന് പുറത്തേക്ക് പോകുമ്പോള്‍ മുറിയില്‍ നിന്നും ലൈറ്റ്, ഫാന്‍, എ.സി എന്നിവ ഓഫ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക.

എയര്‍കണ്ടീഷനുകള്‍ 26-27 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുക.